
ന്യൂഡല്‍ഹി : ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും കണ്ടുമുട്ടിയപ്പോള്‍ പകര്‍ത്തിയ ചിത്രം ലോക ശ്രദ്ധ നേടുന്നു. ഇരുവരും ഊഷ്മളമായി ആലിംഗനം ചെയ്യുന്ന ചിത്രമാണ് ചര്‍ച്ചയായത്.
പുടിനെ കാണാന്‍ എപ്പോഴും സന്തോഷമാണെന്നായിരുന്നു ചിത്രം എക്‌സില്‍ പങ്കുവെച്ച മോദി കുറിച്ചത്. പുടിനുമായുള്ള രണ്ട് ചിത്രങ്ങളാണ് പ്രധാനമന്ത്രി മോദി പങ്കുവെച്ചത്.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നുവെന്ന് കാട്ടി ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 50% തീരുവ ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇരു നേതാക്കളും തമ്മിലുള്ള ആഹ്ലാദകരമായ കൂടിക്കാഴ്ച നടന്നത്. ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വന്ന തീരുവ ഇരട്ടിയാക്കലിനെ ന്യായീകരിച്ചുകൊണ്ട് ട്രംപും അദ്ദേഹത്തിന്റെ നിരവധി പ്രധാന ഉദ്യോഗസ്ഥരും ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിക്കുകയാണ്. ഇന്ത്യയ്ക്ക് എണ്ണ വിറ്റ് കിട്ടുന്ന പണം റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന് ഉപയോഗിക്കുന്നുവെന്നാണ് ട്രംപിന്റെവാദം. എന്നാല്‍, താരതമ്യേന വിലക്കുറവില്‍ ലഭിക്കുന്നതുകൊണ്ടും ആഗോള സാഹചര്യവും അനുസരിച്ചാണ് റഷ്യന്‍ എണ്ണ വാങ്ങുന്നതെന്നാണ് ഇന്ത്യ മറുപടി നല്‍കിയത്.
ജൂലൈയില്‍, യുക്രെയ്‌നുമായി ബന്ധപ്പെട്ട് ഒരു സമാധാന കരാറിന് സമ്മതിച്ചില്ലെങ്കില്‍ റഷ്യയ്ക്ക് 100% തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. റഷ്യന്‍ ഊര്‍ജ്ജം വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Always a delight to meet President Putin! pic.twitter.com/XtDSyWEmtw
— Narendra Modi (@narendramodi) September 1, 2025















