
ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുകയും രണ്ടാം തവണയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ആന്റണി ആല്‍ബനീസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ക്കിടെ തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തിലെത്തുന്ന ആദ്യത്തെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയാണ് ആന്റണി ആല്‍ബനീസ്.
ഓസ്ട്രേലിയന്‍ ജനതയ്ക്ക് ആന്റണിയുടെ നേതൃത്വത്തിലുള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നതാണ് ഈ വിജയമെന്ന് മോദി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും ഇന്തോ-പസഫിക്ക് ഭാഗത്തെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി ഇരു രാജ്യങ്ങള്‍ക്കുമുള്ള കാഴ്ചപ്പാടുകള്‍ മുന്നോട്ട് കൊണ്ടുപോകാനും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും മോദി വ്യക്തമാക്കി.
അതേസമയം, ട്രംപിന്റെ തീരുവകള്‍ക്ക് മറുപടിയായി, ഈ നീക്കം ‘ഒരു സുഹൃത്തിന്റെ പ്രവൃത്തിയല്ല’ എന്ന് അല്‍ബനീസ് വിമര്‍ശിച്ചു. ‘ദയ ബലഹീനതയല്ല… എനിക്ക് കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ കഴിഞ്ഞു, പ്രതികൂല സാഹചര്യങ്ങളില്‍ ധൈര്യം കാണിക്കാനുള്ള ശക്തിക്കും ആവശ്യമുള്ളവരോട് ദയ കാണിക്കാനുമുള്ള’ ശക്തിക്കുമാണ് ഓസ്ട്രേലിയക്കാര്‍ വോട്ട് ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.