
ന്യൂഡൽഹി: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ ഗാസയിലെ സമാധാന പദ്ധതിയിലെ വിജയത്തിൽ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപുമായി ഫോണിൽ സംസാരിച്ചതായി മോദി ‘എക്സി’ൽ അറിയിച്ചു.
ട്രംപിനെ എന്റെ സുഹൃത്തെന്നാണ് പോസ്റ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്. എന്റെ സുഹൃത്തായ പ്രസിഡന്റ് ട്രംപിനോട് സംസാരിക്കുകയും ചരിത്രപരമായ ഗാസ സമാധാന പദ്ധതിയുടെ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. വ്യാപാര ചർച്ചകളിൽ കൈവരിച്ച പുരോഗതിയും വിലയിരുത്തി. വരുന്ന ആഴ്ചകളിൽ തുടർന്നും അടുത്ത ബന്ധം പുലർത്താൻ ധാരണയായെന്നും പ്രധാനമന്ത്രി മോദി ‘എക്സി’ൽ കുറിച്ചു.
താരിഫുമായി ബന്ധപ്പെട്ട ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽവീണ പശ്ചാത്തലത്തിൽകൂടിയാണ് ഇരുനേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണം. ഗാസയിൽ താൻ മുന്നോട്ടുവെച്ച 21 ഇന സമാധാനപദ്ധതിയുടെ ആദ്യഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചതായി ഡൊണാൾഡ് ട്രംപ് ഇന്ന് അറിയിച്ചിരുന്നു. ഇരുവരും ഗാസയിലെ വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനും സമ്മതിച്ചതായും ഇന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.