
ദില്ലി: തൻ്റെ എഴുപത്തിയഞ്ചാം ജന്മദിനത്തിൽ 23,000 കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. പിറന്നാൾ ദിനമായ ഇന്ന് മധ്യപ്രദേശിലെ ഥാറിൽ വിവിധ നേതാക്കള്‍ക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത മോദി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പത്ത് ലക്ഷം വനിതകള്‍ക്ക് പ്രധാനമന്ത്രി മാതൃവന്ദന യോജനയുടെ ഭാഗമായി അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം എത്തിക്കുന്ന പദ്ധതി, ഗര്‍ഭിണികളുടെയും കുട്ടികളുടെയും ആരോഗ്യം സംബന്ധിച്ച ബോധവത്കരണത്തിനായുള്ള സുമൻ ശക്തി എന്നീ പദ്ധതികളും മോദി ഉദ്ഘാടനം ചെയ്തു.
ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയ സൈനികരെ ഉദ്ഘാടന പ്രസംഗത്തിൽ മോദി അനുമോദിച്ചു. ജയ്ഷേ മുഹമ്മദ് ഭീകരന്റെ വീട് തകർത്തതും പരാമർശിച്ച മോദി ഭീകര സംഘം തന്നെ ഇന്ത്യൻ സൈന്യത്തിന്റെ നടപടി സ്ഥിരീകരിച്ചുവെന്നും പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകൾ ലോക നേതാക്കളും രാഹുൽ ഗാന്ധിയുമടക്കം നിരവധി പേർ നേർന്നു.