
ന്യൂഡൽഹി: നവ ഫാസിസ്റ്റ് പ്രവണതയെപ്പറ്റിയുള്ള സിപിഎം നിലപാട് വിവാദം സൃഷ്ടിച്ചിരിക്കെ, വീണ്ടും വിശദീകരണവുമായി സിപിഎം. മോദിസർക്കാരിനെ ഫാസിസ്റ്റ് സർക്കാരെന്നോ നവ ഫാസിസ്റ്റ് സർക്കാരെന്നോ പാർട്ടി വിളിക്കുന്നില്ലെന്ന് പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയിൽ നൽകിയ വിശദീകരണക്കുറിപ്പിൽ സിപിഎം ആവർത്തിച്ചു.
ഇന്ത്യൻ ഭരണകൂടം നവഫാസിസ്റ്റ് ഭരണകൂടമല്ല. ബിജെപി-ആർഎസ്എസ്. നേതൃത്വത്തിനു കീഴിലെ നിലവിലെ രാഷ്ട്രീയസംവിധാനം നവഫാസിസ്റ്റ് സ്വഭാവങ്ങൾ പ്രകടമാക്കുന്ന ഹിന്ദുത്വ- കോർപ്പറേറ്റ് സ്വേച്ഛാധിപത്യ സർക്കാരാണെന്നാണ് പാർട്ടി നിലപാട്.
പത്തുവർഷത്തെ തുടർച്ചയായ ഭരണത്തിലൂടെ രാഷ്ട്രീയാധികാരത്തെ ബിജെപി- ആർഎസ്എസ് ശക്തികളുടെ കൈകളിലേക്കെത്തിച്ചു. ഇത് നവഫാസിസ്റ്റ് സ്വഭാവത്തിന്റെ പ്രത്യക്ഷപ്രകടനത്തിലേക്ക് രാജ്യത്തെയെത്തിച്ചു. സ്വഭാവം എന്നതുകൊണ്ട് പ്രവണതകൾ അല്ലെങ്കിൽ സവിശേഷതകൾ എന്നാണ് അർഥമാക്കുന്നത്. എന്നാൽ, ഇവ നവഫാസിസ്റ്റ് സർക്കാരോ അല്ലെങ്കിൽ അങ്ങനെയൊരു രാഷ്ട്രീയസംവിധാനമോ ആയി വികസിച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ നവഫാസിസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ-കോർപ്പറേറ്റ് സ്വേച്ഛാധിപത്യശക്തികളുടെ അപകടത്തെക്കുറിച്ചാണ് പാർട്ടിയുടെ രാഷ്ട്രീയപ്രമേയം സംസാരിക്കുന്നത്. അതിനാൽ ബിജെപി- ആർ.എസ്.എസ്. ശക്തികളെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്.
ഇത് സിപിഐയുടെയും സിപിഐഎംഎല്ലിൻ്റേയും നിലപാടിൽനിന്ന് ഭിന്നമാണെന്ന് സിപിഎം വ്യക്തമാക്കി. മോദി സർക്കാർ ഫാസിസ്റ്റ് സർക്കാരാണെന്നാണ് സിപിഐയുടെ നിലപാട്.
2018ൽ ഹൈദരാബാദിൽ ചേർന്ന 22-ാം പാർട്ടി കോൺഗ്രസിൽ ചൂണ്ടിക്കാട്ടിയത് ഫാസിസ്റ്റ് പ്രവണത പ്രദർശിപ്പിക്കുന്ന സ്വേച്ഛാധിപത്യ, ഹിന്ദുത്വ, വർഗീയ ആക്രമണങ്ങളെയാണ്.
കഴിഞ്ഞ 23-ാം പാർട്ടി കോൺഗ്രസ് വിലയിരുത്തിയതാകട്ടെ, ആർ.എസ്.എസിന്റെ ഫാസിസ്റ്റ് അജൻഡയുമായി മുന്നോട്ടുപോകുന്നവരാണ് മോദി സർക്കാർ എന്നും. ഇന്ത്യയിൽ നവഫാസിസം രൂപപ്പെടുത്തിയത് ആർ.എസ്.എസും അതിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രവുമാണെന്നും അത് ഫാസിസ്റ്റിക് ആണെന്നും പാർട്ടിപരിപാടിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും സിപിഎം ചൂണ്ടിക്കാട്ടി.
Modi government is not a fascist government CPM People’s Democracy says













