
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, മോദിയെ പുകഴ്ത്തി ടി-സീരീസ് “മോദി ഹേ തോ മുംകിൻ ഹേ” എന്ന പേരിൽ പുറത്തിറക്കിയ പുതിയ മ്യൂസിക് വീഡിയോ ബി ജെ പി സർക്കാരിന് തന്നെ തിരിച്ചടിയാകുന്നു. മോദി ഹൈ തോ മുമ്കിൻ ഹൈ” അതായത് “മോദി ഉണ്ടെങ്കിൽ എല്ലാം സാധ്യമാകും” എന്ന ബിജെപിയുടെ പ്രചാരണഗാനത്തെ പരിഹസിച്ചും സർക്കാസത്തിന് ഉപയോഗിച്ചും പൊതുജനങ്ങൾ രംഗത്ത്.
വീഡിയോ പുറത്തിറങ്ങി അധികം താമസിയാതെ തന്നെ വീഡിയോയ്ക്കെതിരെ വൻ പ്രതിഷേധമാണ് പൊതുജനങ്ങൾക്കിടയിൽ നിന്ന് ഉയരുന്നത്. ബീഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പോസിറ്റീവ് ഇമേജ് സൃഷ്ടിക്കാൻ ഭരണകക്ഷികൾ തിരഞ്ഞെടുപ്പിന് മുമ്പായി ഇറക്കിയ പിആർ കാമ്പെയ്‌നിന്റെ ഭാഗമാണ് ഈ ഗാനം എന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ ഇപ്പോൾ, ആ കാമ്പെയ്‌ൻ തിരിച്ചടിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
മോദിയെയും ഭരണനേട്ടങ്ങളെയും വരച്ചുകാട്ടുന്ന “മോദി ഹേ തോ മുംകിൻ ഹേ” എന്ന അതേ പാട്ടിന് പൊതുജനങ്ങൾ നാട്ടിലെ റോഡിലെ കുഴികൾ, തകർന്ന റോഡുകൾ, വെള്ളം കെട്ടി നിൽക്കുന്ന റോഡുകൾ, മാലിന്യക്കൂമ്പാരങ്ങൾ തുടങ്ങിയവയുടെ വിഷ്വൽസ് എടുത്ത് എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയാണ്. ഈ ക്ലിപ്പുകൾ എല്ലാം തന്നെ എക്സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വൻ വൈറലാണ്.
എന്നാൽ, സർക്കാരിന്റെ പരാജയങ്ങൾ ഉയർത്തിക്കാട്ടാൻ ഗാനം ഉപയോഗിക്കുന്ന അക്കൗണ്ടുകൾക്കെതിരെ പകർപ്പവകാശ അനുമതി പുറപ്പെടുവിക്കാൻ ഒരുങ്ങുകയാണ് ബിജെപി സർക്കാരും ടി-സീരീസും എന്നാണ് റിപ്പോർട്ടുകൾ. യഥാർത്ഥ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുപകരം വിമർശനങ്ങളെ നിശബ്ദമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നാണ് ആളുകൾ സമൂഹ മാധ്യമങ്ങളിൽ പറയുന്നത്. പാട്ടുകളിലൂടെയും പരസ്യങ്ങളിലൂടെയും നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുജനങ്ങളുടെ പണം ചെലവഴിച്ചുവെന്നാണ് ആളുകൾ പ്രതികരിക്കുന്നത്. എന്നാൽ, യാഥാർത്ഥ്യമെന്താണ് എന്ന് കാണിക്കാൻ ഇതേ പാട്ട് ഉപയോഗിക്കുന്ന പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുകയാണ്.
രാജ്യത്തെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചും ഈ സംഭവം വ്യാപകമായ ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതേ ഗാനം ഉപയോഗിച്ചുള്ള വീഡിയോകൾ പ്രധാനമന്ത്രിയെ പ്രശംസിച്ചിരുന്നെങ്കിൽ ഒരു പ്രശ്‌നവുമില്ല. എന്നാൽ ഗാനം പരാജയങ്ങൾ ഉയർത്തിക്കാട്ടുവാൻ ഉപയോഗിച്ചതിനാൽ സെൻസർഷിപ്പുമായി രംഗത്തെത്തുന്നു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് ജനങ്ങൾ സർക്കാരിനെ ഓർമ്മിപ്പിക്കുന്നു. വിമർശനം സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്, എത്ര കർശനമായി നിയന്ത്രണം ഏർപ്പെടുത്തിയാലും, ജനങ്ങളുടെ ശബ്ദങ്ങൾ എപ്പോഴും ഉച്ചത്തിൽ ഉയരുമെന്നാണ് സംഭവത്തിലും പകർപ്പവകാശ വിഷയത്തിലും ജനങ്ങൾ പ്രതികരിക്കുന്നത്.
അതേസമയം, മോദിയെ പുകഴ്ത്തി ഇറക്കിയ വീഡിയോയിൽ അഭിനയിച്ചിരിക്കുന്ന ബോളിവുഡ് താരങ്ങളായ വരുൺ ധവാൻ, രാജ്കുമാർ റാവു, അർഷാദ് വാർസി, വിക്രാന്ത് മാസ്സി എന്നിവർക്കെതിരെയും കടുത്ത വിമർശനമാണ് ഉയരുന്നത്. ഒരു രാഷ്ട്രീയ ഗാനത്തിൽ തങ്ങളുടെ പ്രിയപ്പെട്ട അഭിനേതാക്കൾ പ്രത്യക്ഷപ്പെട്ടതിന് നിരവധി ആരാധകർ വിമർശിച്ചു. ഇവരുടെ വരാനിരിക്കുന്ന പ്രോജക്ടുകൾ ഒഴിവാക്കുമെന്ന് മറ്റും കാണില്ലെന്നും സോഷ്യൽ മീഡിയയിൽ ആളുകൾ പരസ്യമായി പ്രഖ്യാപിച്ചു.
സമൂഹമാധ്യമങ്ങളിലും ഈ ഗാനത്തിനെതിരെയും ഇതിലെ അഭിനേതാക്കൾക്കെതിരെയും ശക്തമായ പ്രതിഷേധവും കമൻ്റുകളുമാണ് വരുന്നത്.സത്യം കാണിച്ചു തന്നതിന് മോദിജിക്ക് നന്ദി – നമ്മുടെ രാജ്യത്തിന്റെ അഭിമാനത്തിനായി ഏതൊക്കെ സിനിമകൾ ഒഴിവാക്കണമെന്നും ഏതൊക്കെ സിനിമകളെ പിന്തുണയ്ക്കണമെന്നും ഇപ്പോൾ ഞങ്ങൾക്ക് കൃത്യമായി അറിയാം,” എന്ന് യൂട്യൂബിൽ ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് എഴുതി. “കമന്റ് സെക്ഷൻ കാണാൻ ഞാൻ ഇവിടെ ഉണ്ടായിരുന്നു, അതിന്റെ അവസ്ഥ കണ്ടതിൽ എനിക്ക് വളരെ സന്തോഷമുണ്ട്, നമ്മുടെ മേൽ വരുത്തിവച്ച യാഥാർത്ഥ്യത്തിലേക്ക് ഒടുവിൽ ആളുകൾ ഉണരുകയാണ്,” മറ്റൊരാൾ അഭിപ്രായപ്പെട്ടു. “ഈ പാട്ടിലെ അഭിനേതാക്കളേ, ഞങ്ങൾ നിങ്ങളെ ഓർക്കും, നിങ്ങളുടെ പരമ്പരകളോ സിനിമകളോ ഇനി ഒരിക്കലും കാണില്ല… നിങ്ങളുടെ സേവനത്തിന് നന്ദി,” മറ്റൊരു സോഷ്യൽ മീഡിയ ഉപയോക്താവ് എഴുതി.
2019ലെ പൊതുതെരഞ്ഞെടുപ്പിന് മുൻപായാണ് ബിജെപി ‘മോദി ഹേ തോ മുംകിൻ ഹേ’ എന്ന മുദ്രാവാക്യവുമായെത്തിയത്. ഈ മുദ്രാവാക്യം “മോദിയാൽ എല്ലാം സാധ്യമാണ്” എന്ന് അർത്ഥമാകുന്നുവെന്നും അരുണ്‍ ജൈറ്റ്‌ലി പറഞ്ഞിരുന്നു. നരേന്ദ്ര മോദിയെ തീരുമാനങ്ങൾ എടുക്കുന്ന, കാര്യങ്ങൾ നടപ്പിലാക്കുന്ന നേതാവായി ചിത്രീകരിക്കാനായിരുന്നു ബിജെപി ഈ മുദ്രാവാക്യം ഉപയോഗിച്ചത്.