
തിരുവനന്തപുരം : മലയാളത്തില്‍ പ്രസംഗം തുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിഴിഞ്ഞത്ത് നേടാനായത് വന്‍ കയ്യടി. ” എല്ലാവർക്കും എന്റെ നന്ദി, അനന്തപത്മനാഭന്റെ മണ്ണിൽ ഒരിക്കൽക്കൂടി വരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മലയാളത്തിൽ പറഞ്ഞു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ഇന്ത്യ സഖ്യത്തെ വിമര്‍ശിച്ചുകൊണ്ടാണ് പിണറായി വിജയനും ശശി തരൂരും അടക്കമുള്ള വേദിയില്‍ പ്രധാനമന്ത്രി സംസാരിച്ചത്.
‘നമ്മുടെ മുഖ്യമന്ത്രിയോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്, താങ്കള്‍ ഇന്ത്യാ സഖ്യത്തിന്റെ ഒരു പ്രധാനഘടകമാണ്, ശശി തരൂരും ഇവിടെ ഇരിക്കുന്നുണ്ട്. ഇന്നത്തെ പരിപാടി പലരുടെയും ഉറക്കം നഷ്ടപ്പെടുത്തും’… എന്നാല്‍ പ്രസംഗത്തിലെ ഇന്ത്യാ സഖ്യത്തെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ഹിന്ദിയിലെ ഈ വാക്കുകള്‍ പരിഭാഷകന്‍ കൃത്യമായി വിവര്‍ത്തനം ചെയ്തില്ല. ഇത് വേദിയിലും സദസിലും ചിരി പടര്‍ത്തി. പരിഭാഷകന്‍ തന്റെ വാക്കുകള്‍ കൃത്യമായി വിവര്‍ത്തനം ചെയ്തില്ലെന്ന് മനസിലാക്കിയ പ്രധാനമന്ത്രി ‘പക്ഷേ സന്ദേശം എത്തേണ്ട സ്ഥലത്തേക്ക് എത്തിയെന്ന്’ എന്ന് ചിരിയോട് പറഞ്ഞുകൊണ്ടാണ് പ്രസംഗം തുടര്‍ന്നത്.
വിഴിഞ്ഞം തുറമുഖത്തെ നവയുഗ വികസനത്തിന്റെ പ്രതീകമെന്നാണ് പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചത്. ”ഒരു വശത്ത്, നിരവധി അവസരങ്ങളുള്ള ഒരു വലിയ കടലുണ്ട്, മറുവശത്ത്, പ്രകൃതിയുടെ സൗന്ദര്യമുണ്ട്, അതിനിടയില്‍ ഈ ‘വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖം’ ഉണ്ട്, അത് നവയുഗ വികസനത്തിന്റെ പ്രതീകമാണ്,”- മോദി പറഞ്ഞു.
കൂടുതല്‍ സ്വകാര്യ പങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ പ്രസംഗത്തെയും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിയില്‍ നിന്നും ഇത് കേട്ടതില്‍ സന്തോഷമുണ്ടെന്നായിരുന്നു മോദിയുടെ വിമര്‍ശനം കലര്‍ന്ന പരിഹാസം.
അതേസമയം, കേരളത്തിന് പുതുയുഗത്തിന്റെ പിറവിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയില്‍ പറഞ്ഞത്. സംസ്ഥാനത്തിന് അഭിമാനകരമായ പദ്ധതിയാണെന്നും അദാനി ഗ്രൂപ്പിന് നന്ദിയെന്നും മുഖ്യമന്ത്രി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പദ്ധതിക്കായി കേരളം ചെലവഴിച്ച കണക്കുകളും മുഖ്യമന്ത്രി വേദിയില്‍ അവതരിപ്പിച്ചു. പ്രതിസന്ധികളില്‍ തളരാതെ കേരളം മുന്നോട്ടു പോയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ ഇച്ഛാശക്തിയാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകാന്‍ കാരണമെന്നു മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. മാത്രമല്ല,
തുറമുഖത്തിന്റെ ശില്‍പി എന്നും കാലം കരുതിവച്ച കര്‍മയോഗി എന്നുമാണ് മുഖ്യമന്ത്രിയെ വി.എന്‍.വാസവന്‍ പുകഴ്ത്തിയത്.