
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാണാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉടനെത്തുമെന്ന് റിപ്പോർട്ട്. ബുധനാഴ്ച മോദിയുമായി നെതന്യാഹു സംസാരിച്ചിരുന്നു. പിന്നാലെയാണ് , ഇരു നേതാക്കളും വളരെ വേഗം കൂടിക്കാഴ്ച നടത്താൻ സമ്മതിച്ചു എന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
അതേസമയം, ഡൽഹി സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങളാലാണ് നെതന്യാഹു മുൻ നിശ്ചയിച്ച ഇന്ത്യാ യാത്ര മാറ്റിവെച്ചതെന്ന റിപ്പോർട്ടുകൾ ഇസ്രായേൽ വൃത്തങ്ങൾ നിഷേധിച്ചു. ഇന്ത്യയുടെ സുരക്ഷാ സംവിധാനത്തിൽ ഇസ്രായേൽ പൂർണ്ണ വിശ്വാസം പ്രകടിപ്പിച്ചിരുന്നുവെന്നും, നെതന്യാഹുവിന്റെ സന്ദർശന തീയതിയെന്നാണെന്ന് ഉടൻ അറിയിക്കുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.
നെതന്യാഹുവും മോദിയും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. “ഊഷ്മളവും സൗഹൃദപരവുമായ സംഭാഷണത്തിനൊടുവിൽ, രണ്ട് നേതാക്കളും വളരെ വേഗം കൂടിക്കാഴ്ച നടത്താൻ സമ്മതിച്ചു.” – ഇസ്രയേൽ കുറിച്ചു.
ഇരുരാജ്യത്തുനിന്നുമുള്ള നിരവധി ഉന്നതതല മന്ത്രിമാരുടെ സന്ദർശനങ്ങളുടെ തുടർച്ചയായിട്ടായിരിക്കും ഇസ്രായേൽ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് എത്തുക. ടൂറിസം മന്ത്രി ഹൈം കാറ്റ്സ്, സാമ്പത്തിക, വ്യവസായ മന്ത്രി നിർ ബർക്കത്ത്, കൃഷി, ഭക്ഷ്യസുരക്ഷ മന്ത്രി അവി ഡിക്റ്റർ, ധനകാര്യ മന്ത്രി ബെസലെൽ സ്മോട്രിച്ച് എന്നിവർ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ഈ വർഷം ആദ്യം ഇന്ത്യ സന്ദർശിച്ചിരുന്നു.
Modi-Netanyahu meeting soon














