
ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറും പ്രധാനമന്ത്രി നരേന്ദ്രമോദിയും കാറില്‍ യാത്രചെയ്യുന്ന ചിത്രം മോദി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ചിത്രത്തിന് മികച്ച പ്രതികരണവും ലഭിച്ചു. ഇരു രാജ്യങ്ങളുടെ ബന്ധം ഊഷ്മളമായി വളരുകയാണെന്നും ചിത്രം പങ്കുവെച്ച് മോദി കുറിച്ചു.
പക്ഷേ ചിത്രത്തില്‍ ഒളിഞ്ഞിരുന്ന മോദിയുടെ ട്രാഫിക് നിയമ ലംഘനം കൂടിയാണ് സമൂഹമാധ്യത്തിലേക്ക് ഡ്രൈവ് ചെയ്ത് എത്തിയത്. ചിത്രത്തില്‍ വാഹനത്തിന്റെ പിന്‍സീറ്റ് യാത്രക്കാരായിരുന്നു ഇരു പ്രധാനമന്ത്രിമാരും. സ്റ്റാര്‍മറാകട്ടെ സീറ്റ് ബെല്‍റ്റ് ധരിച്ച് യാത്ര സേഫ് ആക്കാന്‍ ശ്രദ്ധിച്ചപ്പോള്‍ മോദിയാകട്ടെ സീറ്റ് ബെല്‍റ്റ് പാടേ അവഗണിച്ചു. ഇന്ത്യയിലെ ട്രാഫിക് നിയമ ലംഘനത്തെക്കുറിച്ച് പൂര്‍ണബോധ്യമുള്ള പ്രധാനമന്ത്രി ഇക്കാര്യം മറന്നുപോയെങ്കില്‍ക്കൂടിയും സുരക്ഷാ ജീവനക്കാരും ഇക്കാര്യം ചൂണ്ടിക്കാട്ടിയില്ലേയെന്നും സംശയം തോന്നിപ്പോകും.
ഇന്ത്യയില്‍, വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ പിന്‍സീറ്റുകളിലിരിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങളിലെ റൂള്‍ 138 (3) പ്രകാരമാണ് ഈ നിബന്ധന. ഈ നിയമം ലംഘിച്ചാല്‍ ഡ്രൈവര്‍മാര്‍ക്കും പിന്‍സീറ്റ് യാത്രക്കാര്‍ക്കും 1,000 രൂപവരെ പിഴ ഈടാക്കാം. ഇനി നിയമം കൃത്യമായി പാലിച്ച കെയ്ര്‍ സ്റ്റാര്‍മറിന്റെ യുകെയിലും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാണ്. കുട്ടികള്‍ ഉചിതമായ ചൈല്‍ഡ് കാര്‍ സീറ്റുകള്‍ ഉപയോഗിക്കണമെന്നതും നിര്‍ബന്ധം. നിയമം തെറ്റിച്ചാല്‍ 100 പൗണ്ടുവരെ പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ മൂന്ന് പെനാല്‍റ്റി പോയിന്റുകളും ലഭിക്കുന്നതിന് കാരണമാകും. മെഡിക്കല്‍ കാരണങ്ങളാല്‍ അല്ലെങ്കില്‍ ലൈസന്‍സുള്ള ടാക്‌സി ഡ്രൈവര്‍മാര്‍, അടിയന്തര സേവനങ്ങള്‍ പോലുള്ള ചില തൊഴിലുകള്‍ക്കായി ചില ഇളവുകളുണ്ടെങ്കിലും നിയമം കര്‍ശനമാണെന്ന് സാരം.
India-UK friendship is on the move and is filled with great vigour!
— Narendra Modi (@narendramodi) October 9, 2025
A picture from earlier today, when my friend PM Starmer and I began our journey to attend the Global Fintech Fest.@Keir_Starmer pic.twitter.com/3FyVFo69Rp
എന്തായാലും മോദി പങ്കുവെച്ച ചിത്രത്തിലെ നിയമലംഘനത്തെക്കുറിച്ച് വലിയ ചര്‍ച്ചകളൊന്നും ഉയര്‍ന്നുവന്നിട്ടില്ല. വാഹനത്തിൻറെ ഡോർ തുറന്ന് ജനങ്ങളെ അഭിവാദ്യം ചെയ്ത് മോദി നേരത്തെ നടത്തിയ യാത്ര പുലിവാലു പിടിച്ചിരുന്നു. ഇതുകൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിക്കുന്ന വാഹനത്തിൻറെ നിയമലംഘനം കാട്ടി സോഷ്യൽ മീഡിയയിൽ ഒരു ഉപയോക്താവ് അടുത്തിടെ രംഗത്തെത്തിയിരുന്നു. മൂന്ന് ട്രാഫിക് ചലാനുകൾ അടയ്ക്കാനുണ്ടെന്നും ഇതിൻറെ സ്ക്രീൻ ഷോട്ടും വ്യാപകമായി പ്രചരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഹാൻഡിലിനെയും ബന്ധപ്പെട്ട അധികാരികളെയും ഉപയോക്താവ് നേരിട്ട് ടാഗ് ചെയ്തിരുന്നു.
“പ്രിയപ്പെട്ട @narendramodi ജി, നിങ്ങളുടെ വാഹന നമ്പർ DL2CAX2964 ൽ 3 ചലാനുകൾ തീർപ്പുകൽപ്പിച്ചിട്ടില്ല, ദയവായി കൃത്യസമയത്ത് ചലാൻ അടയ്ക്കുക, അടുത്ത തവണ അത്തരം നിയമലംഘനങ്ങൾ ഒഴിവാക്കുക. Cc: @PMOIndia @HMOIndia @dtptraffic” .- എന്നായിരുന്നു വൈറൽ കുറിപ്പിലുണ്ടായിരുന്നത്. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഒരു ചർച്ചയ്ക്ക് തുടക്കമിട്ടു, ചിലർ നിയമസമത്വത്തിനായി വാദിച്ചു. അതേസമയം നിരവധി ഉപയോക്താക്കൾ ഇത് സത്യമാണോ എന്ന ചോദ്യം ഉയർത്തി. പലരും ഭരണകൂടത്തിന്റെ സുതാര്യതയെ അഭിനന്ദിക്കുകയും “നിയമം എല്ലാവർക്കും തുല്യമായിരിക്കണം, അത് ഒരു സാധാരണ പൗരനായാലും രാജ്യത്തിന്റെ പ്രധാനമന്ത്രിയായാലും” എന്ന് പറയുകയും ചെയ്തു. ഗതാഗത നിയമങ്ങൾ ലംഘിച്ച് സർക്കാർ അല്ലെങ്കിൽ വിഐപി വാഹനങ്ങൾ പിഴ ഈടാക്കുന്നില്ലെങ്കിൽ, അവർ പൊതുജനങ്ങൾക്ക് എന്ത് സന്ദേശം നൽകുമെന്ന് ചിലർ ആശങ്ക പ്രകടിപ്പിച്ചു.