
വാഷിംഗ്ടൺ: യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നൊബേൽ ശുപാർശ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളിയതാണ് പ്രതികാര തീരുവയുടെ പ്രധാന കാരണമെന്ന് ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട്. തന്നെ സമാധാന നൊബേൽ പുരസ്കാരത്തിന് ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അത് നിരസിച്ചത് ട്രംപിനെ പ്രകോപിപ്പിച്ചെന്നും ഇത് ഇന്ത്യയ്ക്കുമേൽ അധിക തീരുവ ചുമത്താനുള്ള കാരണമായിട്ടുണ്ടെന്നുമാണ് ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് പറയുന്നത്. ജൂൺ 17-ന് ട്രംപ് മോദിയെ ഫോണിൽ വിളിച്ച്, ഇന്ത്യ-പാക്ക് വെടിനിർത്തൽ തന്റെ ഇടപെടലിന്റെ ഫലമാണെന്നും തന്നെ നൊബേലിന് ശുപാർശ ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, വെടിനിർത്തൽ ഇന്ത്യയും പാക്കിസ്ഥാനും നേരിട്ട് തീരുമാനിച്ചതാണെന്നും യുഎസിന്റെ ഇടപെടൽ കാരണമല്ലെന്നും മോദി മറുപടി നൽകി. ഈ നിരസം ഇരു നേതാക്കളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണമായെന്നും ഇതാണ് പ്രതികാര തീരുവയുടെ പിന്നിലെന്നുമാണ് ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് പറയുന്നത്.
ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദം മോദിയെ അസ്വസ്ഥനാക്കിയിരുന്നു. പാക്കിസ്ഥാൻ തന്നെ നൊബേലിന് ശുപാർശ ചെയ്യാൻ പോകുന്നുവെന്ന് ട്രംപ് മോദിയോട് പറഞ്ഞെങ്കിലും, മോദി ഈ ആവശ്യം തള്ളുകയായിരുന്നു. ഇതിനുപിന്നാലെ, ഇന്ത്യയ്ക്ക് 25% ഇറക്കുമതി തീരുവ ചുമത്തി ട്രംപ് ഉത്തരവിറക്കി, പിന്നീട് അധിക 25% തീരുവ കൂടി ഏർപ്പെടുത്തി. ഇത് ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകളിൽ തടസ്സമുണ്ടാക്കി, ഇന്ത്യയെ റഷ്യയോടും ചൈനയോടും അടുപ്പിക്കാൻ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു. ഷാങ്ഹായ് ഉച്ചകോടിയിൽ മോദി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ എന്നിവരുമായി ചർച്ച നടത്തുന്നതും ഈ പശ്ചാത്തലത്തിലാണ്.
ഈ സംഭവങ്ങൾ ഇന്ത്യ-യുഎസ് ബന്ധത്തിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മോദിയുടെ ക്ഷണപ്രകാരം ഈ വർഷം അവസാനം ക്വാഡ് ഉച്ചകോടിക്കായി ട്രംപ് ഇന്ത്യ സന്ദർശിക്കാൻ സമ്മതിച്ചിരുന്നെങ്കിലും, പുതിയ സാഹചര്യത്തിൽ അത് നടക്കാനിടയില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യയിൽ ട്രംപിനെതിരെ വലിയ വികാരം ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്രയിൽ ‘പിന്നിൽനിന്ന് കുത്തിയവൻ’ എന്നെഴുതിയ കാർഡ് പതിച്ച് ട്രംപിന്റെ കോലം പ്രദർശിപ്പിച്ചത് ഇതിന്റെ ഭാഗമാണ്.