‘ബന്ദികളുടെ മോചനം ആശ്വാസം നൽകും…’ ഗാസ സമാധാന കരാറിൽ സന്തോഷം പങ്കുവെച്ച് മോദി, നെതന്യാഹുവിന് പ്രശംസ

ന്യൂഡൽഹി : ഇസ്രായേലിനും ഹമാസിനും ഇടയിലുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം അംഗീകരിക്കപ്പെട്ടതോടെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ലോക നേതാക്കൾ. കരാറിനെ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു, ഇത് മേഖലയിൽ ശാശ്വത സമാധാനത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തെയും മോദി പ്രശംസിച്ചു.

ബന്ദികളുടെ മോചനത്തിനും ഭാഗിക സൈനിക പിൻമാറ്റത്തിനും വേണ്ടിയുള്ള യുഎസ്, ഖത്തറി മധ്യസ്ഥതയിലുള്ള കരാറിന് ഇസ്രായേലും ഹമാസും സമ്മതിച്ചതായി ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് മോദിയുടെ പ്രസ്താവന.

“പ്രസിഡന്റ് ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തെക്കുറിച്ചുള്ള കരാറിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇത് പ്രധാനമന്ത്രി നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനം കൂടിയാണ്,” മോദി എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു. ഗാസയിൽ സ്ഥിരമായ സമാധാനമുണ്ടാകട്ടെയെന്ന് പ്രത്യാശ പ്രകടിപ്പിച്ച മോദി, ബന്ദികളുടെ മോചനവും മെച്ചപ്പെട്ട മാനുഷിക സഹായവും “അവർക്ക് ആശ്വാസം നൽകുകയും ശാശ്വത സമാധാനത്തിന് വഴിയൊരുക്കുകയും ചെയ്യും” എന്നും കൂട്ടിച്ചേർത്തു. മാത്രമല്ല, ശ്വത സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഗാസയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ നയതന്ത്ര ശ്രമങ്ങളെയും പിന്തുണയ്ക്കുന്നതിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.