കരാർ ഒപ്പുവെക്കാൻ യുകെയിലേക്ക് മോദി; കാറുകൾ, വിസ്കി എന്നിവയുടെ വിലകുറയും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച യു.കെ സന്ദർശിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ സന്ദർശന സമയത്ത് ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ. വാണിജ്യ മന്ത്രി പിയൂഷ് ഗോയലും പ്രധാനമന്ത്രി മോദിയെ അനുഗമിക്കുന്നുണ്ട്. പ്രധാനമന്ത്രിയായ ശേഷം യുകെയിലേക്കുള്ള മോദിയുടെ നാലാമത്തെ സന്ദർശനമാണിത്. യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുമായും, വ്യവസായ പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ചനടത്തും.

കരാർ നിലവിൽ വരുന്നതോടെ വിസ്‌കി, കാറുകൾ, ഇലക്ട്രിക് വാഹനങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്കും മേഖലകൾക്കും പ്രയോജനം ലഭിക്കുമെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനകം തന്നെ കരാറിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കരാറിന് ബ്രിട്ടീഷ് പാർലമെൻ്റിന്റെ അംഗീകാരവും ആവശ്യമാണ്, ഒരു വർഷത്തിനുള്ളിൽ ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷ.കരാർ പ്രകാരം ബ്രിട്ടനിലേക്കുള്ള 99% ഇന്ത്യൻ കയറ്റുമതി ഉൽപ്പന്നങ്ങൾക്കും തീരുവ ഒഴിവാകുമെന്നും ഇത് വലിയ നേട്ടമുണ്ടാക്കുമെന്നും ഇന്ത്യൻ വാണിജ്യ മന്ത്രാലയം അറിയിച്ചു.

ബ്രിട്ടൻ്റെ 90% ഉൽപ്പന്നങ്ങൾക്കും തീരുവ കുറയും. ഇന്ത്യയിൽ നിന്ന് തുണിത്തരങ്ങൾ, പാദരക്ഷകൾ, രത്നങ്ങൾ, ആഭരണങ്ങൾ, വാഹന ഘടകങ്ങൾ എന്നിവയുടെ നിലവിലെ 4 മുതൽ 16% വരെയുള്ള തീരുവ പൂർണമായും ഒഴിവാകാനും സാധ്യതയുണ്ട്.യുകെ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ലഘൂകരിക്കുന്നതിന് പകരമായി, ഇന്ത്യൻ നിർമാതാക്കളുടെ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്ക് ബ്രിട്ടീഷ് വിപണിയിൽ പ്രവേശനം ലഭിക്കും. ബിസിനസ് ആവശ്യങ്ങൾക്കായി സന്ദർശിക്കുന്നവർക്കും കരാർ അടിസ്ഥാനത്തിൽ സേവനം നൽകുന്നവർക്കും യോഗ പരിശീലകർ, ഷെഫുമാർ, സംഗീതജ്ഞർ എന്നിവർക്കും യുകെയിൽ താൽക്കാലികമായി താമസിക്കുന്നതിനുള്ള അനുമതി ലഭിക്കും. യുകെയിൽ താൽക്കാലികമായി ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികളെയും അവരുടെ തൊഴിലുടമകളെയും മൂന്ന് വർഷത്തേക്ക് യുകെയിലെ സാമൂഹിക സുരക്ഷാ വിഹിതം അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

More Stories from this section

family-dental
witywide