
ലണ്ടന്‍: യുകെ സന്ദര്‍ശനത്തിനിടെ ബ്രിട്ടനില്‍ ചാള്‍സ് രാജാവിനെ സന്ദര്‍ശിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജാവിന് മോദി വൃക്ഷത്തൈയാണ് മോദി സമ്മാനമായി നല്‍കിയത്. ഏറെ സന്തോഷത്തോടെ വൃക്ഷത്തൈ സ്വീകരിച്ച രാജാവ് ഈ ശരത്ക്കാലത്ത് അമ്മയായ എലിസബത്ത് രാജ്ഞിയുടെ ഓര്‍മ്മയ്ക്കായി മരത്തെ നട്ടുപിടിപ്പിക്കുമെന്നാണ് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് സാന്‍ഡ്രിങ്ഹാം കൊട്ടാരത്തിലായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച്ച.
ഇന്ത്യയിലെ ‘അമ്മയ്ക്കൊരു മരം’ പദ്ധതിയുടെ ഭാഗമായാണ് മോദി മരത്തൈ സമ്മാനിച്ചത്. ഇന്ത്യയില്‍ പ്രധാനമന്ത്രി മുന്നോട്ടുവച്ച ആശയമാണ് ‘അമ്മയ്ക്ക് ഒരു മരം’ പദ്ധതി. ‘ഹരിതാഭമായ നാളെയിലേക്കുള്ള ഒരു ചുവടുവയ്പ്പ്’ എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഏക് പെദ് മാ കേ നാം’ പദ്ധതിക്ക് തുടക്കമിട്ടത്.
ചാള്‍സ് മൂന്നാമന്‍ രാജാവുമായി വ്യാപാരം, നിക്ഷേപം, ഇന്ത്യ- ബ്രിട്ടന്‍ ബന്ധത്തിന്റെ വിവിധ വശങ്ങള്‍, വിദ്യാഭ്യാസം, യോഗ, ആയുര്‍വേദം എന്നിവ ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ സംസാരിച്ചുവെന്നും നരേന്ദ്ര മോദി അറിയിച്ചു.