
ഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 50 ശതമാനം അധിക തീരുവ ഭീഷണിക്കുള്ള കർക്കശമായ മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം. വ്യാപാര ചർച്ചകൾ പ്രതിസന്ധിയിലായെങ്കിലും, ഇന്ത്യ വിട്ടുവീഴ്ചയ്ക്കില്ലെന്ന ശക്തമായ സന്ദേശമാണ് മോദി ചെങ്കോട്ടയിൽ നിന്ന് നൽകിയത്. കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ “ഞാൻ ഒരു സംരക്ഷണ മതിലായി നിൽക്കും” എന്നാണ് മോദി പ്രഖ്യാപിച്ചത്. അമേരിക്കയുടെ തീരുവ നീക്കത്തെ തള്ളിക്കൊണ്ടുള്ള ഉറച്ച നിലപാടിനെയാണ് ഇതാണ് സൂചിപ്പിക്കുന്നത്.
പാകിസ്ഥാനുമായുള്ള അമേരിക്കയുടെ അടുപ്പവും, പാക് സേനാ മേധാവിയുടെ ഭീഷണിക്കും മോദി കടുത്ത ഭാഷയിൽ പ്രതികരിച്ചു. സിന്ധു നദീജല കരാർ സ്വീകാര്യമല്ലെന്നും, ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമങ്ങൾക്ക് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന നയത്തിലൂടെ മറുപടി നൽകുമെന്നും മോദി വ്യക്തമാക്കി. പാകിസ്ഥാനുമായി കൂടുതൽ അടുപ്പത്തിലായി, ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള ട്രംപിന്‍റെ നീക്കമടക്കം നേരിടാൻ തന്നെയാണ് തീരുമാനമെന്ന് മോദിയുടെ വാക്കുകൾ തെളിയിക്കുന്നു. ഇന്ത്യ – അമേരിക്ക വ്യാപാര കരാറിനുള്ള ചർച്ചകൾ ഈ മാസം നടക്കാനുള്ള സാധ്യതയില്ലെന്ന സൂചന കൂടിയാണ് ചെങ്കോട്ടയിൽ മോദി സ്വീകരിച്ച കടുത്ത നിലപാട് സൂചിപ്പിക്കുന്നത്.
റഷ്യയും അമേരിക്കയും തമ്മിൽ അലാസ്കയിൽ നടക്കുന്ന ചർച്ചകളുടെ ഫലം ഇന്ത്യ ഉറ്റുനോക്കുകയാണ്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യയ്ക്ക് പിഴ ചുമത്തിയത് വ്‌ളാദിമിർ പുടിനെ സമ്മർദ്ദത്തിലാക്കിയെന്ന് ട്രംപ് അവകാശപ്പെട്ടു. ചൈനയ്ക്ക് പിന്നിൽ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യമായ ഇന്ത്യയ്ക്കെതിരായ ഈ നീക്കം പുടിൻ പ്രതീക്ഷിച്ചില്ലെന്നും, ഇത് റഷ്യയെ ചർച്ചയ്ക്ക് തയ്യാറാക്കിയെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ, ഇന്ത്യയുടെ നയങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന മോദിയുടെ പ്രസ്താവന, ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ചർച്ചകൾ ഈ മാസം നടക്കാനിടയില്ലെന്ന സൂചന നൽകുന്നു.