
ദില്ലി: ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ്റെ ടിയാൻജിൻ സമ്മിറ്റിനായി ഈ മാസം അവസാനം ചൈന സന്ദർശിക്കാനിരിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. പ്രധാനമന്ത്രി ഏഴ് വർഷത്തിന് ശേഷമാണ് ചൈന സന്ദർശിക്കുന്നത്. അതേസമയം, ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡൻ്റിന്റെ നടപടിയെ എതിർക്കുന്നതായും അമേരിക്കയുടെ താരിഫ് അതിക്രമം അനുവദിക്കാനാകില്ലെന്നും ചൈന വ്യക്തമാക്കി.
അമേരിക്കയുടെ താരിഫ് ഭീഷണിക്കിടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ടിയാൻജിൻ സമ്മിറ്റിൽ ഇന്ത്യയും ചൈനയും തമ്മിലുള്ളസൗഹൃദം ശക്തിപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുഒ ജിയാകുൻ പ്രതികരിച്ചു. ഓഗസ്റ്റ് 31 മുതൽ സെപ്തംബർ ഒന്ന് വരെയാണ് ചൈനയിൽ എസ്‌സിഒ സമ്മിറ്റ് നടക്കുന്നത്. 20 രാജ്യങ്ങളാണ് ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷനിൽ അംഗങ്ങൾ. കൂടാതെ പത്ത് അന്താരാഷ്ട്ര ഓർഗസൈനേഷനുകളുടെ പ്രതിനിധികളും സമ്മിറ്റിൽ പങ്കെടുക്കുമെന്ന് ഗുഒ അറിയിച്ചു.