
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി രോഗം മാറി തിരിച്ചെത്തുന്നുവെന്നെ വാര്‍ത്ത അക്ഷരാർഥത്തിൽ മലയാളക്കരയെ ആനന്ദത്തിലാക്കിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലെങ്ങും ആ സന്തോഷം പങ്കുവെച്ച് മലയാളക്കര ഒന്നാകെ കൂടെയുണ്ട് എന്ന് പ്രഖ്യാപിക്കുന്ന കാഴ്ച്ചയാണ്. മമ്മുട്ടിക്ക് മുത്തം കൊടുക്കുന്ന പഴയൊരു ഫോട്ടോ പങ്കുവച്ച് മോഹൻലാലടക്കമുള്ളവർ സന്തോഷം പങ്കുവെച്ചു. കെ സി വേണുഗോപാൽ, ജോൺ ബ്രിട്ടാസ്, മാല പാർവതി, രമേഷ് പിഷാരടി തുടങ്ങി സമസ്ത മേഖലയിലുള്ളവരും സന്തോഷം പങ്കുവെച്ചിട്ടുണ്ട്.
മമ്മൂട്ടി ഊർജസ്വലനായി നമുക്കിടയിലേക്ക് വരുന്നുവെന്ന വിവരം അത്യധികം ആഗ്രഹിച്ച വാര്‍ത്തയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞത്. കോടിക്കണക്കിന് മനുഷ്യരുടെ പ്രാര്‍ത്ഥനകള്‍ക്കും വൈദ്യശാസ്ത്രത്തിനും നന്ദിയെന്ന് കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘ഏറ്റവും പ്രിയപ്പെട്ട മമ്മൂട്ടി വീണ്ടും ഊർജസ്വലനായി നമുക്കിടയിലേക്ക് വരുന്നുവെന്ന വിവരം അത്യധികം സന്തോഷത്തോടെയാണ് കേൾക്കുന്നത്. കോടിക്കണക്കിന് മനുഷ്യരുടെ പ്രാർത്ഥനകൾക്കും വൈദ്യശാസ്ത്രത്തിനും ഒരുപാടൊരുപാട് നന്ദി. ഒരു തിരിച്ചുവരവ്, ഈ ചിരി. അത്രത്തോളം ആഗ്രഹിച്ചിരുന്നല്ലോ നമ്മൾ, വേഗം വരിക’ – കെ സി വേണുഗോപാൽ കുറിച്ചതിങ്ങനെ.
‘നോവിന്റെ തീയിൽ മനം കരിയില്ല… പരീക്ഷണത്തിന്റെ വാൾ വീശലുകളിൽ പതറുകയുമില്ല…വീശുന്ന കൊടുങ്കാറ്റുകൾ ചിരികൊണ്ടു നേരിടും…പെയ്യുന്ന പേമാരികൾ മുറിച്ചു നടക്കും… ആത്മവിശ്വാസത്തിന്റെ പാറമേൽ ഉറച്ചുനിന്നു തലയുയർത്തും… പ്രിയപ്പെട്ട മമ്മൂക്കാ ….ഇനി എത്രയോ കാതങ്ങൾ ഞങ്ങളുടെ കരം പിടിച്ചു മുന്നേറാനുണ്ട് … അഭിനയമികവിന്റെ എത്രയോ ഭാവതലങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു ..ഒത്തിരി സന്തോഷത്തോടെ ..നിറഞ്ഞ സ്നേഹത്തോടെ..’ – ജോൺ ബ്രിട്ടാസ് കുറിച്ചതിങ്ങനെയാണ്.
’എല്ലാം ok ആണ്’ എന്നാണ് രമേഷ് പിഷാരടി കുറിച്ചത്. ഗാനഗന്ധര്‍വന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും പോസ്റ്റില്‍ പിഷാരടി ചേര്‍ത്തിട്ടുണ്ട്.
“ഇതിൽ കൂടുതൽ ഒരു നല്ല വർത്തമാനം ഇല്ല. മമ്മൂക്ക പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ചികിത്സിച്ച ഡോക്ടർമാർക്കും ശ്രുശൂഷിച്ച എല്ലാവവർക്കും, ആശുപത്രിയോടും കടപ്പാട്. സ്നേഹം. അതെ. രാജാവ് തിരിച്ചുവരുന്നു. സന്തോഷം, നന്ദി. പ്രാര്‍ഥനകള്‍ക്ക് ഫലം ഉണ്ടായിരിക്കുന്നു”, എന്നായിരുന്നു. മാലാ പാര്‍വതിയുടെ കുറിപ്പ്.
‘ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി. എന്നാണ് ആന്‍റോ ജോസഫ് ഫേസ്ബുക്കിൽ എഴുതിയത്.
‘സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർഥിച്ചവർക്കും ഒപ്പം ഉണ്ടായവർക്കും ഒന്നുമില്ല എന്ന് ആശ്വസിപ്പിച്ചവർക്കും നന്ദി…’ – മമ്മൂട്ടിയുടെ സന്തതസഹചാരിയും പേഴ്സണല്‍ സെക്രട്ടറിയുമായ ജോർജ് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.