
ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നുവെന്ന് മോഹൻലാൽ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 48 വർഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പുരസ്കാരമാണ് ലഭിച്ചത്. ജൂറിക്കും സർക്കാരിനും നന്ദി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുരസ്കാര വിവരം പറയാൻ വിളിച്ചപ്പോൾ ആദ്യം വിശ്വസിക്കാനായില്ല. സ്വപ്നത്തിൽ പോലും നടക്കാത്ത കാര്യങ്ങളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
വിമർശനങ്ങളെ താൻ തോളിലേറ്റി നടക്കാറില്ല. സിനിമ എന്നത് പാൻ-ഇന്ത്യൻ ആയി, സംവിധാനം ചെയ്യണം എന്ന തോന്നൽ വന്നാൽ ഇനിയും ചെയ്‌തേക്കും. സിനിമയ്ക്കു അപ്പുറത്തേക്കുള്ള സ്വപ്നം എന്തെന്ന് ചോദിച്ചാൽ ഇപ്പോൾ പറയാനാവില്ല, വളരെ കുറച്ച് സ്വപ്നം കാണുന്ന ആളാണെന്നും നല്ല സിനിമകൾ ഉണ്ടാകട്ടെയെന്നും മോഹൻലാൽ പറഞ്ഞു. 2023ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്. മോഹന്‍ലാലിന്റെ ചലച്ചിത്ര യാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്നും ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് ഇതിഹാസ നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എല്ലാമായ മോഹന്‍ലാലിനെ ആദരിക്കുന്നുവെന്നും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എക്‌സില്‍ കുറിച്ചു. സെപ്റ്റംബര്‍ 23ന് നടക്കുന്ന 71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിലാകും അവാര്‍ഡ് സമ്മാനിക്കുക.