
തിരുവനന്തപുരം: മലയാളക്കരക്കാകെ അഭിമാനമായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയതിനുള്ള കേരളത്തിന്‍റെ ആദരം ഏറ്റുവാങ്ങിയ മോഹൻലാൽ വികാരാധീനനായി നന്ദി അറിയിച്ചു. സംസ്ഥാന സർക്കാരിന്‍റെ ആദരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റവാങ്ങിയ ശേഷമുള്ള മറുപടി പ്രസംഗത്തിലാണ് മലയാളികളുടെ ലാലേട്ടൻ വികാരാധീനനായത്. നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നത് വൈകാരിക ഭാരത്തോടെയെന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാൽ തുടങ്ങിയത്. ഇത് ഞാൻ ജനിച്ച് വളർന്ന മണ്ണാണ്. എന്‍റെ ആത്മാവിന്റെ ഭാഗമാണ് ഇവിടം. വൈകാരിക ഭാരം മറച്ചുവയ്ക്കാൻ എന്‍റെ അഭിനയ ശേഷിക്ക് ആകുന്നില്ലെന്നും മോഹൻലാൽ വിവരിച്ചു. സിനിമ തന്നെയാണോ തൊഴിൽ എന്നാലോചിക്കുമ്പോൾ ലാലേട്ടാ എന്ന വിളി കേൾക്കും. മുങ്ങി പോകുന്നെന്ന് തോന്നുമ്പോൾ ആരെങ്കിലും വന്ന് കൈപിടിക്കും. മാറ്റങ്ങളുടെ നടുവിലൂടെയായിരുന്നു യാത്ര. ഈ യാത്രയിൽ ഒരു അജ്ഞാത ശക്തിയുടെ കരുതൽ എപ്പോഴും കിട്ടിയിരുന്നെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
ജീവിതത്തിലും കരിയറിലും ഉയർച്ച താഴ്ചകൾ ഉണ്ടായി. എനിക്ക് അഭിനയം അനായാസമല്ല. ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക് മാറുന്നത് പ്രാർഥനയോടെയാണ്. കാണുന്നവർക്ക് അനായാസമായി തോന്നുന്നെങ്കിൽ അത് അജ്ഞാത ശക്തിയുടെ അനുഗ്രഹമാണെന്നും മോഹൻലാൽ വിവരിച്ചു. തനിക്ക് ലഭിച്ച എല്ലാ പുരസ്കാരവും മലയാളികൾക്ക് സമർപ്പിക്കുന്നതായും ലാലേട്ടൻ കൂട്ടിച്ചേർത്തു. ഇത് കേരളത്തിന്റെ സ്വീകരണമായി കണക്കാക്കുന്നുവെന്നും ഈ നിമിഷത്തിൽ അച്ഛനെയും അമ്മയെയും സുഹൃത്തുക്കളെയും ഓർക്കുന്നുവെന്നും മോഹൻലാൽ വ്യക്തമാക്കി. എന്റെ നാട്ടിൽ, ജനിച്ച മണ്ണിൽ ഗംഭീരമായ സ്വീകരണം ഒരുക്കിയ സർക്കാരിന് നന്ദി അറിയിക്കുന്നുവെന്നും ലാലേട്ടൻ വിവരിച്ചു. എല്ലാത്തിനും ഉപരി മലയാളഭാഷയെയും സംസ്കാരത്തെയും സ്നേഹിക്കുന്നയാളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. മലയാള ചലച്ചിത്ര മേഖലയ്ക്ക് ലഭിച്ച സുവർണ നേട്ടമാണ് ഇതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. ഓരോ മലയാളിക്കും അഭിമാനമാണ് മോഹൻലാലും അദ്ദേഹത്തിന്‍റെ ഈ നേട്ടമെന്നും മുഖ്യമന്ത്രി വിവരിച്ചു. അരനൂറ്റാണ്ടോളം മലയാള സിനിമയിൽ നിറഞ്ഞാടിയ മോഹൻലാൽ, തന്റെ അപാരമായ അഭിനയ വൈവിധ്യവും ജനപ്രീതിയും കൊണ്ട് മലയാളിയുടെ അപര വ്യക്തിത്വമായി മാറിയിരിക്കുന്നു. ‘ഇരുവർ’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ അഭിനയം എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നായി നിരൂപകർ വാഴ്ത്തുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മലയാള ചലച്ചിത്ര വ്യവസായത്തിന്റെ നെടുംതൂണാണ് മോഹൻലാലെന്നും പിണറായി പറഞ്ഞു. ശതാബ്ദിയോട് അടുക്കുന്ന മലയാള സിനിമയുടെ ചരിത്രത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ അനന്യമാണ്. ഒരേ സമയം മികച്ച നടനും ജനപ്രിയ താരവുമായി തിളങ്ങുന്ന മോഹൻലാൽ, മലയാളിയുടെ നിത്യജീവിതത്തിൽ ഒരു ശീലമായി മാറിയിരിക്കുന്നു. ഈ പുരസ്കാരം മലയാള സിനിമയുടെ സാംസ്കാരിക മൂല്യവും അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരവും ഉയർത്തിക്കാട്ടുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ് ഇത്. നിത്യജീവിതത്തിൽ മോഹൻലാലായി പോവുക എന്നത് മലയാളിയുടെ ശീലമായി. മോഹൻലാൽ മലയാളിയുടെ അപര വ്യക്തിത്വമെന്നും മുഖ്യമന്ത്രി വിവരിച്ചു. മോഹൻ ലാലിനെ പൊന്നാട അണിയിച്ച മുഖ്യമന്ത്രി, ശിൽപവും കാവ്യപത്രവും സമർപ്പിക്കുകയും ചെയ്തു.