മുട്ടാൻ നോക്കിയാൽ നടക്കില്ല! ഇത് ‘മലയാളത്തിന്‍റെ മോഹൻലാൽ’; ബോക്സ് ഓഫീസിൽ മിന്നലായി 200 കോടി ക്ലബിൽ എമ്പുരാൻ

വിവാദങ്ങൾ കത്തുമ്പോഴും ബോക്സ് ഓഫീസില്‍ മിന്നൽ തീര്‍ത്ത് മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാൻ. ചിത്രം ആ​ഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ചു. മോഹൻലാലാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ ആദ്യം അറിയിച്ചത്. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസം പൂർത്തിയാകും മുമ്പാണ് എമ്പുരാൻ 200 കോടി ക്ലബിലെത്തിയത്. എമ്പുരാൻ ചരിത്രം സൃഷ്ടിച്ചുവെന്നാണ് പ്രത്യേക പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചത്.

നേരത്തേ 48 മണിക്കൂറിലാണ് ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചത്. അതേസമയം ചിത്രത്തിന്റെ റീ എഡിറ്റഡ് പതിപ്പ് ഉടൻ തീയേറ്ററുകളിലെത്തും. പ്രമേയവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെത്തുടർന്ന് മൂന്ന് മിനിറ്റാണ് ചിത്രത്തിൽനിന്ന് നീക്കം ചെയ്തത്. മുരളി ​ഗോപിയുടേതാണ് തിരക്കഥ. മാര്‍ച്ച് 27 ന് രാവിലെ ആറ് മണി മുതലാണ് എമ്പുരാന്റെ പ്രദര്‍ശനം ആരംഭിച്ചത്.

ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ കളക്ഷന്‍ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എമ്പുരാന്‍. ടൊവിനോ തോമസ് നായകനായ 2018 എന്ന ചിത്രത്തെ മറികടന്നാണ് എമ്പുരാന്‍റെ നേട്ടം. 175.4 കോടി ആയിരുന്നു 2018 ന്‍റെ ലൈഫ് ടൈം ബോക്സ് ഓഫീസ് നേട്ടം. വെറും അഞ്ച് ദിനങ്ങള്‍ കൊണ്ടാണ് എമ്പുരാന്‍ ഇതിനെ മറികടന്നിരിക്കുന്നത്. ഒപ്പം 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കുകയും ചെയ്തു. ഔദ്യോഗികമായിത്തന്നെ അണിയറക്കാര്‍ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട് ഇപ്പോള്‍. മോഹന്‍ലാലിന്‍റെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രവുമാണ് ഇത്. മഞ്ഞുമ്മല്‍ ബോയ്സ് മാത്രമാണ് മലയാളത്തില്‍ എമ്പുരാന് മുന്നില്‍ കളക്ഷനില്‍ അവശേഷിക്കുന്നത്. 240 കോടിയാണ് മഞ്ഞുമ്മലിന്‍റെ നേട്ടം.