
കൊച്ചി: പവിഴമല്ലികൾ പൂത്തുലഞ്ഞ നീലവാനം കാണാൻ ഇനി മലയാളത്തിൻ്റെ പ്രിയനടൻ ശ്രീനിവാസനില്ല. നർമത്തിൽ ചാലിച്ച് ജീവിത യാഥാർഥ്യങ്ങളെ വെള്ളിത്തിരയിലേക്ക് ആവാഹിച്ച ശ്രീനിവാസൻ്റെ നിര്യാണം മലയാളി ചലച്ചിത്ര ലോകത്തിന് ഞെട്ടലും വേദനയുമാണ് സമ്മാനിച്ചത്. ശ്രീനിവാസനെ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണെന്ന് വേദനയോടെ അനുസ്മരിക്കുകയാണ് മോഹൻലാൽ. സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസനെന്നും മോഹൻലാൽ അനുസ്മരിച്ചു.
മോഹൻലാലിൻ്റെ വാക്കുകൾ…
ശ്രീനിവാസനെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് ഇപ്പോള്‍ അറിയല്ല. സിനിമ ജീവിതത്തിൽ ഒരുപാട് ബന്ധങ്ങളുള്ള കൂട്ടുകെട്ടായിരുന്നു ശ്രീനിവാസൻ, പ്രിയദര്‍ശൻ, സത്യൻ അന്തിക്കാട്, ഇന്നസെന്‍റ് എന്നിവരുമായി ഉണ്ടായിരുന്നത്. എന്നേക്കാളും കൂടുതൽ അവരുമായിട്ടാണ് ശ്രീനിക്ക് ബന്ധം. അവരുടെ കൂടെയാണ് കൂടുതൽ സമയം ശ്രീനി ചെലവഴിക്കാറുള്ളത്. അടുത്തകാലത്ത് അദ്ദേഹത്തെ കാണാൻ പോയിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. നടൻ എന്ന നിലയില്‍ അല്ല ഞങ്ങള്‍ തമ്മിലുള്ള ബന്ധം, ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ ഞങ്ങളുടെ ബന്ധം കടന്നുപോയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ജീവിതവുമായും കുടുംബവുമായും ഒരുപാട് അടുപ്പവും ബന്ധവുമുണ്ട്. സമൂഹത്തിനുനേരെ ചോദ്യം ഉയര്‍ത്തിയ ഒരുപാട് സിനിമകള്‍ ഒന്നിച്ച് ചെയ്യാനായി. സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളായിരുന്നു ശ്രീനിവാസൻ. പ്രത്യേക സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളായിരുന്നു. വളരെയധികം ഹ്യൂമറിലൂടെ ജീവിച്ചയാളാണ് ശ്രീനിവാസൻ. ഏറെ പ്രിയപ്പെട്ടയൊരാള്‍ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുള്ള കാര്യമാണ്. ഒരുപാട് അസുഖങ്ങള്‍ അലട്ടിയിരുന്നു. എപ്പോഴും സംസാരിക്കുകയും കാണുകയും ചെയ്യുമായിരുന്നു. ഞാൻ പിണങ്ങാറില്ലെങ്കിലും ഇണങ്ങുകയും പിണങ്ങുകയെന്നതും ജീവിതത്തിന്‍റെ ഭാഗ്യമായാണ് കാണുന്നത്. അത്തരം പിണക്കങ്ങള്‍ അതിനെ രസകരമായ നിമിഷങ്ങളായിട്ടാണ് കാണുന്നതെന്നും മോഹൻലാൽ അനുസ്മരിച്ചു.
Mohanlal remembers Sreenivasan.











