
ന്യൂഡല്‍ഹി : രാജ്യത്തെതന്നെ ഞെട്ടിച്ച് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍നിന്നു പണം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്നും അതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടും മറ്റ് രേഖകളും സുപ്രീം കോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ജഡ്ജിയുടെ വീട്ടില്‍നിന്നു കണ്ടെത്തിയ കത്തിക്കരിഞ്ഞ നോട്ടുകളുടെ ചിത്രവും ഇതോടൊപ്പമുണ്ട്. സ്റ്റോര്‍ റൂമില്‍ നിന്നു കണ്ടെത്തിയ നോട്ടുകെട്ടുകളാണ് കത്തിയ നിലയിലുള്ളത്. 15 കോടിയോളം രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയതെന്നാണ് അനൗദ്യോഗിക വിവരം.
#Watch: The fire at Delhi HC judges residence and what remained thereafter? Police claim sacks of burnt currency notes #SupremeCourt #YashwantVarma #JusticeYashwantVarma #DelhiHighCourtJudge pic.twitter.com/1AnfBJNzf7
— Bar and Bench (@barandbench) March 22, 2025
ആരോപണം നിഷേധിച്ചുകൊണ്ടുള്ള ജസ്റ്റിസ് വര്‍മയുടെ മറുപടിയും റിപ്പോര്‍ട്ടിലുണ്ടെങ്കിലും ആരോപണത്തില്‍ കഴമ്പുണ്ടെന്നും ആഴത്തിലുള്ള അന്വേഷണം ആവശ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്വേഷിക്കാന്‍ പ്രത്യേക സമിതി
ജസ്റ്റിസിന്റെവസതിയോടു ചേര്‍ന്നുള്ള സ്റ്റോര്‍ റൂമില്‍നിന്നു നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്.സന്ധാവാലിയ, മലയാളിയും കര്‍ണാടക ഹൈക്കോടതി ജഡ്ജിയുമായ അനു ശിവരാമന്‍ എന്നിവരുടെ സമിതി അന്വേഷിക്കും.
അതേസമയം, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ.ഉപാധ്യായയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് വര്‍മയെ ജുഡീഷ്യല്‍ ജോലികളില്‍നിന്ന് മാറ്റിനിര്‍ത്താന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിര്‍ദേശിച്ചു.