
ന്യൂഡൽഹി : നിയമവിരുദ്ധ ബെറ്റിങ് ആപ്പുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗ്, റോബിൻ ഉത്തപ്പ എന്നിവരെ ചോദ്യം ചെയ്യും. സുരേഷ് റെയ്‌നയെയും ശിഖർ ധവാനെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇഡിയുടെ പുതിയ നീക്കം.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി.എം.എൽ.എ) പ്രകാരം മൊഴി രേഖപ്പെടുത്താൻ ഉത്തപ്പയോട് സെപ്റ്റംബർ 22 ന് ഇ.ഡി. ആസ്ഥാനത്ത് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സെപ്റ്റംബർ 23 നാണ് യുവരാജ് അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകേണ്ടത്. ഉത്തപ്പയ്ക്ക് 1x bet എന്ന ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് സമന്‍സ് അയച്ചത്. നേരത്തെ, ഈ കേസിൽ റെയ്‌നയെ ഓഗസ്റ്റ് 13 നും ധവാനെ സെപ്റ്റംബർ 4 നും ഏജൻസി ചോദ്യം ചെയ്തിരുന്നു.
മുൻ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) പാർലമെന്റ് അംഗം (എം.പി) മിമി ചക്രവർത്തി, ബംഗാളി നടൻ അങ്കുഷ് ഹസ്ര, എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ബോളിവുഡ് നടി ഉർവശി റൗട്ടേലയേയും ഉടൻ ചോദ്യം ചെയ്യും.