
ബംഗാൾ ഉൾക്കടലിൽ ‘മോൻതെ’ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ ദക്ഷിണേന്ത്യയിലേ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്ര പ്രദേശിലാണ് ഏറ്റവും രൂക്ഷമായ സാഹചര്യം പ്രതീക്ഷിക്കുന്നത്. ആന്ധയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ ചെന്നൈ അടക്കം വടക്കൻ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഒഡിഷയിലെ തെക്കൻ ജില്ലകളിലും കനത്ത മഴക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ആന്ധ്രയിലെയും ഒഡിഷയിലെയും തമിഴ്നാട്ടിലെയും തീരദേശ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കേരളത്തിൽ കനത്ത മഴ തുടരുന്ന തൃശൂർ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മോൻതെയെ നേരിടാൻ മുന്നൊരുക്കത്തിലാണ് രാജ്യം. നാളെ രാവിലെ തീവ്ര ചുഴലിക്കാറ്റ് ആയി മാറുന്ന മോൻതെ, വൈകീട്ടോടെ പരമാവധി 110 കിലോമീറ്റർ വേഗത്തിൽ ആന്ധ്രാ തീരത്തെ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ കക്കിനടയുടെ സമീപം കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ആന്ധ്രയിലും തെക്കൻ ഒഡിഷയിലും തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിലും രാവിലെ തുടങ്ങിയ മഴയ്ക്കു ശമനമായിട്ടില്ല.
കേരളത്തിലെ മഴ മുന്നറിയിപ്പ്
ഓറഞ്ച് അലർട്ട്
27/10/2025: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
27/10/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്
28/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.












