റെയ്ക് ജാവിക്: ഐസ്‌ലൻഡിൽ ആദ്യമായി കൊതുകുകളെ കണ്ടെത്തി. കൊതുകുകളിൽ നിന്ന് മുക്തമെന്ന് അറിയപ്പെട്ടിരുന്ന ഇവിടെ കൊതുകിനെ കണ്ടെത്തിയെന്ന് സ്ഥിരീകരിച്ചത് ഐസ്‌ലൻഡിലെ നാച്ചുറൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ എൻ്റമോളജിസ്റ്റ് മത്തിയാസ് ആൽഫ്രഡ്‌സൺ ആണ്. കുലിസെറ്റ ആനുലാറ്റ ഇനത്തിലെ മൂന്ന് കൊതുകുകളെയാണ് കണ്ടെത്തിയതെന്ന് ആൽഫ്രഡ്‌സൺ പറയുന്നു.
റെയ്‌ക്‌ജാവിക്കിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ വടക്ക് പ്രദേശത്താണ് ഈ വിഭാഗത്തിലെ രണ്ട് പെൺ കൊതുകുകളേയും ഒരു ആൺ കൊതുകിനെയും കണ്ടെത്തിയത്. ഒരുപക്ഷേ കപ്പലുകളിലൂടെയോ ഷിപ്പിംഗ് കണ്ടെയ്‌നറുകളിലൂടെയോ ആയിരിക്കാം കൊതുകുകൾ രാജ്യത്ത് പ്രവേശിച്ചതെന്നും വരുന്ന വസന്തകാലത്ത് പ്രാണികൾ പടരാൻ തുടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കൂടുതൽ പഠനങ്ങൾ നടത്തുമെന്നും ഗവേഷകർ പറയുന്നു.
അന്റ്റാർട്ടിക്കയ്ക്കൊപ്പം ഐസ്‌ലൻഡും കൊതുകുരഹിത പ്രദേശങ്ങളിൽ ഒന്നായാണ് ഇതുവരെ കണക്കാക്കപ്പെട്ടിരുന്നത്. വളരെ തണുത്ത കാലാവസ്ഥയെ അതിജീവിക്കാനും താപനില പൂജ്യത്തിന് താഴെയാകുമ്പോഴും നീണ്ട ശൈത്യകാലം സഹിക്കാനും കഴിയുന്ന ഇനങ്ങളാണ് കുലിസെറ്റ ആനുലാറ്റ സ്‌പീഷീസുകൾ.













