
മപുടോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബോട്ട് മറിഞ്ഞ് കാണാതായ രണ്ടു മലയാളികളില്‍ ഒരാള്‍ മരിച്ചതായി സ്ഥിരീകരണം. കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനാണ് മരിച്ചത്. മൃതദേഹം തിരിച്ചറിഞ്ഞു. ശ്രീരാഗിന്‍റെ മരണം കുടുംബത്തെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. 36 വയസ്സുള്ള ശ്രീരാഗ് കുറച്ചു വർഷങ്ങളായി ഇതേ കപ്പലിലാണ് ജോലി ചെയ്യുന്നത്. മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
ബെയ്റാ തുറമുഖത്തിനു സമീപം വെള്ളിയാഴ്‌ച പുലർച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്. ബോട്ട് കപ്പലിനോട് അടുക്കാറായപ്പോൾ ശക്തമായ തിരയില്‍പ്പെട്ടു മറിയുകയായിരുന്നു. തെറിച്ചു പോയതിനാൽ ഒരാൾ രക്ഷപെട്ടു. മറ്റുള്ളവർ ക്യാബിനിൽ കുടുങ്ങിയതായാണ് വിവരം. അപകടത്തിൽ മൂന്ന് ഇന്ത്യക്കാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചു. 14 ഇന്ത്യക്കാരടക്കം 21 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. അപകടത്തിൽ അഞ്ചുപേരെ കാണാതായിരുന്നു. ഇവർക്കായി മൊസാംബിക് അധികൃതർ തിരച്ചിൽ നടത്തുന്നു. മൊസാംബിക്കിലെ ഇന്ത്യൻ ദൗത്യസംഘം സ്ഥലത്തുണ്ട്.
കാണാതായതില്‍ മറ്റൊരു മലയാളി പിറവം സ്വദേശി ഇന്ദ്രജിത്താണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കപ്പലിലെ ജോലിക്കായി 22 വയസ്സുള്ള ഇന്ദ്രജിത്ത് വീട്ടിൽ നിന്ന് പോയത്. കപ്പലിൽ തന്നെ ജോലി ചെയ്യുന്ന ഇന്ദ്രജിത്തിന്റെ പിതാവ് സന്തോഷ് മൊസാംബിക്കിൽ എത്തിയിട്ടുണ്ട്.