
ന്യൂഡൽഹി: നിമിഷപ്രിയയുടെ മോചനത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകി കെ രാധാകൃഷ്ണൻ എം പി. യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കേസ് വളരെ സങ്കീർണ്ണവും ദാരുണവുമാണ്. നിയമപരമായി ശിക്ഷാർഹമാണെങ്കിലും, വ്യക്തിപരമായ ഗുരുതര ആഘാതത്തിന്റെ സാഹചര്യത്തിലാണ് കൃത്യം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2025 ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത് വിഷയത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും കണക്കിലെടുത്ത് യെമൻ അധികാരികളുമായി ഉടനടി നയതന്ത്രപരമായ ഇടപെടൽ നടത്തണമെന്നും കെ രാധാകൃഷ്ണൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
2017ലാണ് യെമൻ പൗരനായ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന ഉത്തരവിൽ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. മോചനത്തിന് തലാൽ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യൺ ഡോളർ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിയായ നിമിഷപ്രിയ 2012ലാണ് ഭർത്താവ് ടോമിനും കുഞ്ഞിനുമൊപ്പം യെമനിലേക്ക് പോയത്. നഴ്‌സായിരുന്ന നിമിഷപ്രിയ അവിടെയും അതേ ജോലി ചെയ്യുകയും ടോമി ഒരു സ്വകാര്യ കമ്പനിയിലുമാണ് ജോലി ചെയ്തിരുന്നത്. അതിനിടെയാണ് തലാൽ അബ്ദുൾ മഹ്ദി എന്ന യെമൻ പൗരനെ പരിചയപ്പെടുന്നതും ഒരുമിച്ച് ക്ലിനിക് തുടങ്ങുന്നതും. ശേഷം നിമിഷപ്രിയ തൻ്റെ ഭാര്യയാണെന്ന് എല്ലാവരെയും വിശ്വസിപ്പിക്കുകയും വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും ചെയ്തു. പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തുകയും ക്ലിനിക്കിന്റെ വരുമാനം മുഴുവൻ തലാൽ സ്വന്തമാക്കാൻ തുടങ്ങി. പാസ്‌പോർട്ട് തട്ടിയെടുക്കുകയും അവരുടെ സ്വർണം വിൽക്കുകയും ചെയ്തു. സഹിക്കാൻ വയ്യെന്ന ഘട്ടത്തിൽ അധികൃതർക്ക് പരാതി നൽകിയ നിമിഷപ്രിയയെ തുടർന്ന് ഇയാൽ ശാരീരിക ഉപദ്രവിക്കാനും തുടങ്ങി.
ജീവൻ അപകടത്തിലാവും എന്ന ഘട്ടത്തിലാണ് താൻ തലാലിനെ അപായപ്പെടുത്താൻ ശ്രമിച്ചതെന്നും തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു, പാസ്‌പോർട്ട് പിടിച്ചുവച്ച് നാട്ടിലേക്ക് വിടാതെ പീഡിപ്പിച്ചു, ലൈംഗിക വൈകൃതങ്ങൾക്കിരയാക്കി, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തുടങ്ങിയ വാദങ്ങളാണ് നിമിഷപ്രിയ ഉന്നയിച്ചിരിക്കുന്നത്. നിമിഷപ്രിയയെ കൂടാതെ ഇവരുടെ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന ഹനാൻ എന്ന യെമനി യുവതിയെയും തലാൽ നിരന്തരം മർദിച്ചിരുന്നു. തലാലിൻറെ ഉപദ്രവം അസഹനീയമായപ്പോൾ നിമിഷപ്രിയ ഹനാനൊപ്പം ചേർന്ന് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിൽ ഒളിപ്പിക്കുകയും ദിവസങ്ങൾ പിന്നിട്ടതോടെ വാട്ടർ ടാങ്കിൽനിന്ന് ദുർഗന്ധം വരികയും ചെയ്തു. ഇതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്.