അതീവ സുരക്ഷാ മേഖലയിൽ നിന്ന് എം.പി യുടെ സ്വർണ്ണ മാല കവർന്നു; അമിത് ഷായ്ക്ക് കത്തെഴുതി എം പി സുധ രാമകൃഷ്ണൻ

ന്യൂ ഡൽഹി: ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയായ ചാണക്യപുരിയിൽ നിന്ന് ലോക്സഭാംഗം സുധ രാമകൃഷ്‌ന്റെ സ്വർണ്ണമാല കവർന്നു. അവർ താമസിക്കുന്ന തമിഴ്‌നാട് ഭവന് സമീപമാണ് സംഭവം നടന്നത്. പുലർച്ചെ പുറത്തിറങ്ങിയ എം.പി യുടെ കഴുത്തിൽ കിടന്ന മാല തട്ടിയെടുത്ത് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിൽ എം.പി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. ചാണക്യപുരിയിലെ പോളണ്ട് എംബസിക്ക് സമീപത്തുവെച്ച് രാവിലെ തൻ്റെ സ്വർണ്ണമാല കവർന്നെന്നും സംഭവത്തിൽ തനിക്ക് പരിക്കേറ്റെന്നും കത്തിൽ വ്യക്തമാക്കി. മാല പിടിച്ചുപറിച്ചപ്പോൾ കഴുത്തിനു പരുക്കേറ്റതായും ചുരിദാർ കീറുകയും ചെയ്‌തതായി അവർ കത്തിൽ പറയുന്നു.

സമയം കിട്ടുമ്പോഴെല്ലാം പ്രഭാതസവാരിക്ക് പോകുന്നത് എന്റെ പതിവാണ്. 2025 ഓഗസ്റ്റ് 04-ന് (തിങ്കളാഴ്ച), ഞാനും രാജ്യസഭയിലെ മറ്റൊരു വനിതാ പാർലമെന്റ് അംഗമായ ശ്രീമതി രാജാത്തിയും നടക്കാനായി തമിഴ്‌നാട് ഭവനിൽനിന്ന് പുറത്തിറങ്ങി. രാവിലെ ഏകദേശം 6.15-നും 6.20-നും ഇടയിൽ, ഞങ്ങൾ പോളണ്ട് എംബസിയുടെ 3, 4 ഗേറ്റുകൾക്ക് സമീപം എത്തിയപ്പോൾ, മുഖം പൂർണ്ണമായും മറയ്ക്കുന്ന ഫുൾ ഹെൽമെറ്റ് ധരിച്ച് സ്കൂട്ടറോടിച്ചെത്തിയ ഒരാൾ എതിർദിശയിൽനിന്ന് വന്ന് എന്റെ സ്വർണ്ണമാല തട്ടിപ്പറിച്ച് കടന്നുകളഞ്ഞുവെന്നും കത്തിൽ പറയുന്നു.

അതേസമയം, അതീവ സുരക്ഷിത മേഖലയും ഒട്ടേറെ വിദേശ എംബസികളും വിഐപി വസതികളുമുള്ള ഡൽഹിയിലെ ഏറ്റവും സുരക്ഷിതമായ മേഖലയായിട്ടും അക്രമി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കുറ്റവാളിയെ കണ്ടെത്താൻ ഒന്നിലധികം സംഘങ്ങളെയും രൂപീകരിച്ചിട്ടുണ്ട് .തമിഴ്‌നാട്ടിലെ മയിലാടുതുറൈയിൽനിന്നുള്ള കോൺഗ്രസ് എംപി ആണ് സുധ രാമകൃഷ്ണൻ.

More Stories from this section

family-dental
witywide