
ഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “മികച്ച സുഹൃത്ത്” എന്ന് വിശേഷിപ്പിച്ചതായി നിയുക്ത യുഎസ് അംബാസഡർ സെർജിയോ ഗോർ. ഇന്ത്യയിലെ ആറ് ദിവസത്തെ സന്ദർശനത്തിനെത്തിയ ഗോർ, മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ‘മി. പ്രൈം മിനിസ്റ്റർ യു ആർ ഗ്രേറ്റ്’ എന്ന് ട്രംപ് എഴുതി ഒപ്പിട്ട ചിത്രം കൈമാറി. വ്യാപാരം, ധാതുക്കൾ, പ്രതിരോധം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത കൂടിക്കാഴ്ച, ഇന്ത്യ-യുഎസ് തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു.
സെർജിയോ ഗോർ, മാനേജ്‌മെന്റ്, റിസോഴ്‌സസ് ഡപ്യൂട്ടി സെക്രട്ടറി മൈക്കൽ ജെ റിഗാസിനൊപ്പമാണ് ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ്, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും അദ്ദേഹം ചർച്ച നടത്തി. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യുഎസ് 50 ശതമാനം തീരുവ വർധിപ്പിച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അടുത്തിടെ വഷളായിരുന്നു. എന്നാൽ, ഗോറിന്റെ സന്ദർശനം ഈ ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
“നിയുക്ത അംബാസഡർ സെർജിയോ ഗോറിനെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷം,” മോദി എക്സിൽ കുറിച്ചു. “അദ്ദേഹത്തിന്റെ കാലാവധി ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ശക്തമാക്കും.” ട്രംപിന്റെ അടുത്ത വൃത്തങ്ങളിൽ ഒരാളായ ഗോർ, മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ഭാവി ശോഭനമാണെന്ന് അദ്ദേഹം എക്സിൽ വ്യക്തമാക്കി.