
കൊച്ചി: മുനമ്പം ഭൂമി വഖഫ് സ്വത്തല്ലെന്ന കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ കേരള വഖഫ് സംരക്ഷണ വേദിയും ടി.എം. അബ്ദുൾ സലാമും ചേർന്ന് സുപ്രീം കോടതിയെ സമീപിച്ചു. 1950-ലെ ആധാരം ഫാറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കൽ വ്യവസ്ഥയുള്ളതിനാൽ ഇത് വഖഫ് സ്വത്തല്ലാതായെന്നുമുള്ള ഹൈക്കോടതി നിരീക്ഷണത്തെയാണ് ഹർജിക്കാർ ചോദ്യം ചെയ്യുന്നത്. അഭിഭാഷകൻ അബ്ദുള്ള നസീഹാണ് ഹർജി ഫയൽ ചെയ്തത്.
നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് മുനമ്പം ഭൂമി വഖഫ് സ്വത്താണെന്ന് വിധിച്ചിരുന്നു. വഖഫ് നിയമപ്രകാരം മാത്രമേ നടപടികളെടുക്കാവൂ എന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ നിലപാട്. എന്നാൽ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷനെ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഇത് മറ്റി വിധിച്ചത്.
വഖഫ് ട്രിബ്യൂണലിൽ കേസ് നിലനിൽക്കെ ഹൈക്കോടതിക്ക് ഇടപെടാൻ അധികാരമില്ലെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. കേസ് സുപ്രീം കോടതി എപ്പോൾ പരിഗണിക്കുമെന്ന് വ്യക്തമല്ല. ദശാബ്ദങ്ങളായി നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന മുനമ്പം ഭൂമിയിലെ തർക്കം ഇതോടെ ദേശീയ ശ്രദ്ധയാകർഷിക്കുകയാണ്.











