പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം; പ്രതികൾ റിമാന്റിൽ

തൃശ്ശൂര്‍: പുതുക്കാട് നവജാത ശിശുക്കളെ കൊന്ന് കുഴിച്ചു മൂടിയ കേസിലെ പ്രതികളായ മാതാപിതാക്കളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുട്ടികളുടെ അമ്മയായ അനീഷയെ വിയ്യൂരിലേക്കും ഭവിനെ ഇരിഞ്ഞാലക്കുട സബ് ജയിലിലേക്കും മാറ്റും. ഇരിഞ്ഞാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. എഫ്ഐആറില്‍ രണ്ട് നവജാത ശിശുക്കളെയും കൊന്നത് അമ്മ അനീഷ ആണെന്നാണ് പറയുന്നത്. ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ വഴക്കിനെത്തുടര്‍ന്നാണ് ഭവിന്‍ മൃതദേഹാവശിഷ്ടങ്ങളുമായി പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം തുറന്ന് പറഞ്ഞത്.

ആദ്യ കുഞ്ഞിനെ 2021 നവംബർ ആറിന് പ്രസവ ശേഷം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നുവെന്നും ശേഷം മൃതദേഹം വീടിന്‍റെ ഇടത് വശത്ത് മാവിന്‍റെ ചുവട്ടില്‍ കുഴിച്ചിട്ടെന്നായിരുന്നു പ്രതിയായ അനീഷയുടെ മൊഴി.ഇന്ന് കുഴി തുറന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെത്തി. 2024 ഓഗസ്റ്റ് 29 നായിരുന്നു രണ്ടാമത്തെ പ്രസവം. കുഞ്ഞിനെ അനീഷ ശ്വാസം മുട്ടിച്ചു കൊന്നശേഷം ബാത്ത് റൂമില്‍ സൂക്ഷിച്ചു, തൊട്ടടുത്ത ദിവസം ബാഗിലാക്കി ഭവിനെ ഏല്‍പ്പിക്കുകയായിരുന്നു. ഭവിനാണ് രണ്ടാമത്തെ ജഡം കുഴിച്ചിട്ടത്. കര്‍മ്മങ്ങള്‍ ചെയ്യാന്‍ മൃതദേഹാവശിഷ്ടങ്ങള്‍ കുഴിമാന്തിയെടുക്കുകയും ചെയ്തിരുന്നു.

പരിശോധനാസംഘം ആമ്പല്ലൂരിലെ ഭവിന്‍റെയും വീട്ടിലെത്തി നടത്തിയ പരിശോധനയിലും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. അവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ചാലക്കുടി ഡിവൈഎസ്പി അറിയിച്ചു. കേസില്‍ കൂടുതല്‍ ആളുകളുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

More Stories from this section

family-dental
witywide