വാക്കുകൊണ്ട് മുറിപ്പെടുത്തി മസ്‌കും ട്രംപും, ‘എന്താണ് ട്രൂത്ത് സോഷ്യല്‍ ? അതിനെക്കുറിച്ച് ഒരിക്കലും കേട്ടിട്ടില്ല!’

വാഷിംഗ്ടണ്‍ : അടുത്ത സുഹൃത്തുക്കള്‍ ശത്രുക്കളായാല്‍ എങ്ങനെയുണ്ടാകുമെന്ന് ലോകത്തിന് വീണ്ടും വീണ്ടും കാട്ടിക്കൊടുക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും. മസ്‌കിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം കൂടി വന്നതോടെ ഇരുവരുടേയും വാക് പോര് പുതിയ തലത്തിലേക്കാണ് എത്തുന്നത്.

ട്രൂത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ ഒരു നീണ്ട പോസ്റ്റില്‍, എലോണ്‍ മസ്‌കിനെ പൂര്‍ണ്ണമായും പാളം തെറ്റിയ പോയ ഒരു തീവണ്ടിയോടാണ് ഉപമിച്ചത്. “കാണുന്നതില്‍ ദുഃഖമുണ്ട്, കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കുള്ളില്‍ ഒരു ട്രെയിന്‍ അപകടമായി മാറിയിരിക്കുന്നു’ എന്നൊക്കെ ട്രംപ് കുറിക്കുമ്പോള്‍, എന്താണ് ട്രൂത്ത് സോഷ്യല്‍ എന്നായിരുന്നു തിരിച്ചുള്ള മസ്‌കിന്റെ പരിഹാസം.

‘എന്താണ് ട്രൂത്ത് സോഷ്യല്‍? അതിനെക്കുറിച്ച് ഒരിക്കലും കേട്ടിട്ടില്ല.’ – മസ്‌ക് എക്‌സില്‍ എഴുതി.

“ഒരു മൂന്നാം പാർട്ടി അമേരിക്കക്ക് പറഞ്ഞിട്ടുളളതല്ല. സാധാരണയായി അവര്‍ ചെയ്യുന്നത് തടസങ്ങളും കുഴപ്പങ്ങളും സൃഷ്ടിക്കുക എന്നതാണെന്നും തീവ്ര ഇടതുപക്ഷ ഡെമോക്രാറ്റുകളില്‍ നിന്ന് അത് ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്നും ട്രംപ് പരിഹസിച്ചു” .

ട്രംപും മസ്‌കും തമ്മിലുള്ള തര്‍ക്കത്തിന്റെ തുടക്കം യുഎസ് പ്രസിഡന്റിന്റെ ‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ ആണ്. ജൂലൈ 4 ന് ട്രംപ് ഒപ്പുവച്ചതിനുശേഷം ഇത് നിയമമായി. ‘അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബില്‍’ എന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. ഇത് യുഎസിന്റെ കടം വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞുകൊണ്ട് മസ്‌ക് ശക്തമായി എതിര്‍ത്തു.

‘കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാവരെയും ഒരു ഇലക്ട്രിക് കാര്‍ വാങ്ങാന്‍ നിര്‍ബന്ധിതരാക്കുന്ന പരിഹാസ്യമായ ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) മാന്‍ഡേറ്റ് ഇത് ഇല്ലാതാക്കുന്നു, അന്നതിനാല്‍ മസ്‌ക് ബില്ലില്‍ അസ്വസ്ഥനായിരിക്കാം’ എന്നാണ് ട്രംപ് ഇതിനെതിരെ അഭിപ്രായപ്പെട്ടത്.

ഞായറാഴ്ച സഭയില്‍ ബില്‍ പാസായതിനുശേഷവും, ഈ നീക്കത്തെ വിമര്‍ശിച്ച് എക്സില്‍ മസ്‌ക് നിരവധി പോസ്റ്റുകള്‍ പങ്കുവെച്ചു. ‘നമ്മുടെ രാജ്യത്തെ മാലിന്യവും അഴിമതിയും കൊണ്ട് പാപ്പരാക്കുന്ന കാര്യം വരുമ്പോള്‍, നമ്മള്‍ ജനാധിപത്യത്തിലല്ല, ഏകകക്ഷി സംവിധാനത്തിലാണ് ജീവിക്കുന്നത്,’ മസ്‌ക് എക്സില്‍ പോസ്റ്റ് ചെയ്തു.

യുഎസ് സ്വാതന്ത്ര്യ ദിനമായ ജൂലൈ 4 ന്, ‘നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നല്‍കുന്നതിനാണ് അമേരിക്ക പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത് എന്ന്’ മസ്‌ക് പറഞ്ഞു. രണ്ട് നൂറ്റാണ്ടുകളായി യുഎസ് രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തുന്ന സംവിധാനത്തില്‍ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ടോ’ എന്ന ചോദ്യവും മസ്‌ക് ഉന്നയിച്ചു. അതെ അല്ലെങ്കില്‍ ഇല്ല എന്ന ഉത്തരം നല്‍കാവുന്ന രീതിയില്‍ മസ്‌ക് അവതരിപ്പിച്ച സര്‍വേയ്ക്ക് 1.2 ദശലക്ഷത്തിലധികം പ്രതികരണങ്ങള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് തലയുള്ള പാമ്പിനെ ചിത്രീകരിക്കുന്ന ഒരു മീമും ‘യൂണിപാര്‍ട്ടി അവസാനിപ്പിക്കുക’ എന്ന അടിക്കുറിപ്പും മസ്‌ക് പങ്കുവെച്ചു. മാത്രമല്ല, ‘റിപ്പബ്ലിക്കന്‍/ഡെമോക്രാറ്റിക് യൂണിപാര്‍ട്ടിക്കെതിരെ പോരാടാന്‍ അമേരിക്കന്‍ പാര്‍ട്ടി ആവശ്യമാണ്.’ എന്നും പാര്‍ട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് മസ്‌ക് കുറിച്ചു

More Stories from this section

family-dental
witywide