
വാഷിംഗ്ടണ്‍ : സര്‍ക്കാരിന്റെ കാര്യക്ഷമതാ വകുപ്പായ ഡോജില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് പതിവായി മയക്കുമരുന്ന് ഉപയോഗിക്കുമായിരുന്നുവെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട്. ഡോജില്‍ മോശം പെരുമാറ്റമായിരുന്നു മസ്‌കിന്റേതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. ട്രംപിന്റെ ഭരണകാലത്ത് ഉത്തവരവാദിത്വപ്പെട്ട ഒരു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ പെരുമാറ്റം ഇങ്ങനെയാണോ എന്ന തരത്തിലുള്ള ചര്‍ച്ചകളും ചൂടുപിടിക്കുന്നുണ്ട്.
മസ്‌ക് പതിവായി കെറ്റാമൈന്‍, എക്സ്റ്റസി, സൈക്കഡെലിക് കൂണ്‍ എന്നിവ കഴിച്ചിരുന്നുവെന്നും ഇത് അദ്ദേഹത്തിന്റെ ഗവണ്‍മെന്റ് ഉപദേശക ജോലി(ഡോജ്)യില്‍ ആശങ്ക ഉയര്‍ത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മസ്ക് 20 ഡോസുകൾ അടങ്ങിയ ലഹരി മരുന്ന് സ്ഥിരമായി കൊണ്ട് നടക്കാറുണ്ടായിരുന്നെന്നും നിരന്തരമായുള്ള ലഹരി ഉപയോഗം മസ്കിന്‍റെ ആരോഗ്യത്തെ പ്രത്യേകിച്ചും ബ്ലാഡറിനെ ദോഷകരമായി ബാധിച്ചെന്നും റിപ്പോർട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മസ്കിന്‍റെ ലഹരി ഉപയോഗം പരിധിവിട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, വിവാദമായ ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് തള്ളി എലോണ്‍ മസ്‌കും എത്തി. ഡോജില്‍ നിന്നും പടിയിറങ്ങുന്നതിന്റെ ഭാഗമായി നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിനിടയിലാണ് വിവാദ റിപ്പോര്‍ട്ടിനെതിരെ മസ്‌ക് സംസാരിച്ചത്.
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിനെക്കുറിച്ച് ഫോക്‌സ് ന്യൂസിന്റെ പീറ്റര്‍ ഡൂസി മസ്‌കിനോട് ചോദ്യമുന്നയിച്ചു. ‘റഷ്യ-ഗേറ്റിനെക്കുറിച്ച് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതിന് പുലിറ്റ്സര്‍ സമ്മാനം നേടിയ അതേ പ്രസിദ്ധീകരണമാണോ ന്യൂയോര്‍ക്ക് ടൈംസ്? അതേ സംഘടന തന്നെയാണോ? എനിക്ക് തോന്നുന്നു.’- എന്നതരത്തിലായിരുന്നു മസ്‌ക് മറുപടി നല്‍കിത്തുടങ്ങിയത്. ‘റഷ്യ-ഗേറ്റ് തട്ടിപ്പിനെക്കുറിച്ചുള്ള നുണകള്‍ക്ക് ജഡ്ജി ന്യൂയോര്‍ക്ക് ടൈംസിനെതിരെ വിധി പ്രസ്താവിച്ചുവെന്ന് ഞാന്‍ കരുതുന്നു, അവര്‍ക്ക് അവരുടെ പുലിറ്റ്സര്‍ സമ്മാനം തിരികെ നല്‍കേണ്ടി വന്നേക്കാം. ആ ന്യൂയോര്‍ക്ക് ടൈംസ്, നമുക്ക് മുന്നോട്ട് പോകാം,’ മസ്‌ക് ചോദ്യത്തെ വഴിതിരിച്ചുവിട്ടുകൊണ്ട് പറഞ്ഞു.
കൂടാതെ, മസ്‌കിന്റെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ച് വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലറിനോട് ചോദിച്ചപ്പോള്‍, അദ്ദേഹവും ഒഴിഞ്ഞുമാറിയിരുന്നു. തെക്കന്‍ അതിര്‍ത്തിയിലൂടെ ഒഴുകുന്ന മരുന്നുകളെക്കുറിച്ചാണ് തങ്ങളുടെ ആശങ്കയെന്നും അടുത്ത ചോദ്യം ചോദിക്കാനുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.