‘വണ്‍ ബ്യൂട്ടിഫുള്‍ ബില്‍’ പാസ്സായാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും, രണ്ടും കല്‍പ്പിച്ച് മസ്‌ക്

വാഷിങ്ടന്‍: ‘വണ്‍ ബ്യൂട്ടിഫുള്‍ ബില്‍’ എന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചെലവു ചുരുക്കല്‍ നിയമം പാസായാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന ഭീഷണി ഉയര്‍ത്തി ഏറ്റവും വലിയ കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. വിവാദ നികുതി ബില്ലില്‍ സെനറ്റില്‍ വോട്ടെടുപ്പ് നടക്കാനിരിക്കേയാണ് മസ്‌കിന്റെ ഭീഷണി. ‘അമേരിക്കന്‍ പാര്‍ട്ടി’ എന്ന പേരിലാകും പുതിയ പാര്‍ട്ടി രൂപീകരിക്കുകയെന്നും മസ്‌ക് പറയുന്നു.

‘കട അടിമത്ത ബില്‍’ ആണ് ട്രംപ് കൊണ്ടുവന്നിട്ടുള്ളതെന്നും ബില്ലിനെ പിന്തുണയ്ക്കുന്ന സെനറ്റര്‍മാരുടെ ജനപ്രതിനിധി സ്ഥാനം നഷ്ടമാകുമെന്നും മസ്‌ക് എക്‌സിലൂടെ മുന്നറിയിപ്പ് നല്‍കി.

”സര്‍ക്കാരിന്റെ ചെലവു കുറയ്ക്കുന്നതിനെക്കുറിച്ച് പ്രചാരണം നടത്തുകയും, രാജ്യത്തിന്റെ കടം ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിക്കുന്ന ബില്ലിന് വോട്ടുചെയ്യുകയും ചെയ്യുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ ലജ്ജിക്കണം. ഈ ഭ്രാന്തന്‍ ബില്‍ പാസാകുകയാണെങ്കില്‍ അമേരിക്കന്‍ പാര്‍ട്ടി അടുത്ത ദിവസം തന്നെ രൂപീകരിക്കും. നമ്മുടെ രാജ്യത്ത് ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ക്കു ബദലായി, ജനങ്ങളുെട ശബ്ദമാകുന്ന ഒരു പാര്‍ട്ടി ഉണ്ടാകേണ്ടിയിരിക്കുന്നു”. മസ്‌ക് എക്‌സില്‍ കുറിച്ചു.

ട്രംപുമായി ഉടക്കുന്നതുവരെ മസ്‌കും ഈ ബില്ലിനെ അനുകൂലിച്ചിരുന്നു. മാത്രമല്ല, ഇതിന്റെ പ്രചാരണത്തിനായി 25 കോടി ഡോളര്‍ സംഭാവന നല്‍കുകയും ചെയ്തിരുന്നു. ജൂലൈ നാലിനു മുന്‍പ് ബില്‍ നിയമമാക്കാന്‍ ലക്ഷ്യമിട്ട് മാരത്തണ്‍ നീക്കത്തിലാണ് യുഎസ് സെനറ്റ്. സെനറ്റിലും വിജയിച്ചാല്‍ ബില്ലിന്റെ അന്തിമ രൂപം വീണ്ടും ജനപ്രതിനിധി സഭയുടെ പരിഗണനയ്ക്ക് വിടും. അതും പാസായാല്‍ ബില്‍ നിയമമാകും.

നികുതി വരുമാനം 4.5 ലക്ഷം കോടി ഡോളറായി വര്‍ധിപ്പിക്കാനും സൈനിക മേഖലയില്‍ ചെലവ് കൂട്ടാനും തിരിച്ചയയ്ക്കല്‍, അതിര്‍ത്തി സുരക്ഷ ഉള്‍പ്പെടെയുള്ള കുടിയേറ്റ വിരുദ്ധ നടപടികള്‍ക്കായി ചെലവഴിക്കുന്ന തുക വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് ട്രംപിന്റെ പുതിയ നികുതി ബില്‍. ഈ ബില്ലിനെ’ കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഇരുവരുടേയും ബന്ധത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തിയത്. ബില്ലിന്റെ പേരില്‍ ട്രംപിനെതിരെ മസ്‌ക് പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ (ഡോജ്) നിന്ന് ഇലോണ്‍ മസ്‌ക് പടിയിറങ്ങിയതിനുശേഷം ബില്ലിനെ ‘വെറുപ്പുളവാക്കുന്ന മ്ലേച്ഛത’ എന്നാണ് മസ്‌ക് വിളിച്ചത്.

ഇതിന് മറുപടിയായി, മസ്‌കിന്റെ കമ്പനികളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സബ്‌സിഡികള്‍, കരാറുകള്‍ എന്നിവ പിന്‍വലിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. തന്റെ പിന്തുണയില്ലാതെ ട്രംപ് പ്രസിഡന്റ് സ്ഥാനം നേടുമായിരുന്നില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് മസ്‌കും തിരിച്ചടിച്ചു. ട്രംപിനെ ഇംപീച്ച്‌മെന്റ് ചെയ്യണമെന്ന ആവശ്യവും പുതിയ രാഷ്ട്രീയ പാര്‍ട്ടി എന്ന ആശയവും മസ്‌കിന്റെ പോസ്റ്റുകളില്‍ നിറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി ഇളവുകള്‍ നിര്‍ത്തലാക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനമാണ് മസ്‌കിന്റെ പൊട്ടിത്തെറിക്ക് കാരണമെന്ന് ട്രംപ് കുറ്റപ്പെടുത്തി. അങ്ങനെ ഇരുവരുടേയും തമ്മിലടി പുതിയ തലങ്ങളിലേക്ക് നീങ്ങിയിരുന്നു.