
വാഷിംഗ്ടണ്‍ : വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത ഇലോണ്‍ മസ്‌കിന്റെ മുഖത്തേക്ക് എല്ലാവരും സൂക്ഷിച്ച് നോക്കി. മുഖത്ത് ഒരു കറുത്ത പാടുണ്ടായിരുന്നു. എന്തോ പരുക്കേറ്റതുപോലെയെന്ന് പലരും പിറുപിറുത്തു. ഒടുവില്‍ എന്തുപറ്റിയെന്ന ചോദ്യവുമായി മാധ്യമപ്രവര്‍ത്തകരെത്തി. തന്റെ 5 വയസ്സുള്ള മകന്‍ എക്സിനൊപ്പമുള്ള ഒരു കളിക്കിടെ മകന്റെ അടിയേറ്റതാണെന്ന മസ്‌കിന്റെ മറുപടി എല്ലാവരിലും ചിരിപടര്‍ത്തി.
വലതുകണ്ണിന് സമീപത്തായി ഇടിയേറ്റ് ചതവുപറ്റിയതുപോലെയായിരുന്നു ഒരു പാടുണ്ടായിരുന്നത്. താനും മകനും കുതിര സവാരി കളിക്കുകയായിരുന്നുവെന്നും ‘മുന്നോട്ട് പോകൂ, എന്റെ മുഖത്ത് അടിക്കൂ’ എന്ന് താന്‍ പറഞ്ഞതുകേട്ട മകന്‍ തന്നെ അടിച്ചതിന്റെ പാടാണ് മുഖത്തെന്നും ഓവല്‍ ഓഫീസില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനൊപ്പം എത്തിയ മസ്‌ക് ചിരിച്ചുകൊണ്ട് വിശദീകരിച്ചു. എസ്‌ക് അല്ലേ അങ്ങനെ ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് ട്രംപ് ചിരി പടര്‍ത്തി. മകന്റെ അടിയേറ്റ സമയത്ത് തനിക്ക് വലിയ പ്രശ്‌നമൊന്നും തോന്നിയില്ലെന്നും പിന്നീടാണ് ചതവ് പറ്റിയത് ശ്രദ്ധയില്‍പ്പെട്ടതെന്നും മസ്‌ക് പറഞ്ഞു.
ചതവിനെക്കുറിച്ച് ആദ്യം ചോദിച്ചപ്പോള്‍, നര്‍മ്മത്തോടെ, ”ഞാന്‍ ഫ്രാന്‍സിന്റെ അടുത്തെങ്ങും ഉണ്ടായിരുന്നില്ല” എന്ന് പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ ഭാര്യ തല്ലിയെന്ന വ്യാജേന പ്രചരിക്കുന്ന വൈറല്‍ വീഡിയോ പരാമര്‍ശിച്ചുകൊണ്ടുള്ള മസ്‌കിന്റെ തമാശ ചുറ്റും കൂടിയവരില്‍ ചിരി പടര്‍ത്തി.
ട്രംപ് ഭരണകൂടത്തിലെ ഡോജ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും മസ്‌ക് പടിയിറങ്ങുന്നതുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെയായിരുന്നു ഈ നര്‍മ്മ സംഭാഷണങ്ങളുണ്ടായത്.
മസ്‌കിനൊപ്പം പൊതുപരിപാടികളിലും മറ്റ് സാന്നിധ്യമാകാറുണ്ട് അഞ്ചുവയസുകാരന്‍ എസ്‌ക് എന്ന് വിളിപ്പേരുള്ള മകന്‍. മുമ്പൊരിക്കല്‍ ഓവല്‍ ഓഫീസിലെ പരിപാടിക്കിടെ മസ്‌കിനൊപ്പം എത്തിയ എസ്‌ക് മൂക്കില്‍ വിരലിട്ട് പ്രസിഡന്റ് ട്രംപിന്റെ മേശയില്‍ തുടച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെ ഓവല്‍ ഓഫിസിലെ 145 വര്‍ഷം പഴക്കമുള്ള റെസല്യൂട്ട് ഡെസ്‌ക് ട്രംപ് മാറ്റുകയും ചെയ്തിരുന്നു. നൂറ്റാണ്ടുകളായി യുഎസ് പ്രസിഡന്റുമാര്‍ ഉപയോഗിച്ചുവന്നിരുന്ന വൈറ്റ് ഹൗസിലെ മേശയായിരുന്നു അത്.