ജിമ്മില്‍ മുസ്ലീങ്ങളെ പ്രവേശിപ്പിക്കരുത്: വിവാദ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്‌പെക്ടര്‍

ഭോപ്പാല്‍ : ജിം ഉടമയോട് മുസ്ലീങ്ങളെ പ്രവേശിപ്പിക്കരുതെന്ന വിവാദ ആവശ്യവുമായി ഭോപ്പാല്‍ സബ് ഇന്‍സ്‌പെക്ടര്‍ ദിനേശ് ശര്‍മ്മ. ജിമ്മില്‍ പരിശീലകരുള്‍പ്പെടെ മുസ്ലീംങ്ങളെ കയറ്റരുതെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്. സംഭവത്തിന്റെ വീഡിയോയും പുറത്തായിട്ടുണ്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഭോപ്പാലിലെ അയോധ്യ നഗര്‍ പ്രദേശത്തെ ഒരു ജിമ്മിലെത്തിയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അവിടെയുള്ള മുസ്ലീങ്ങളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷം പരിഹരിക്കാന്‍ എത്തിയതായിരുന്നു പൊലീസ് സംഘം.

എന്നാല്‍, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കനുകൂലമായി സംസാരിക്കുകയും ജിമ്മില്‍ മുസ്ലീങ്ങളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെടുകയുമായിരുന്നു എസ് ഐ ദിനേശ് ശര്‍മ്മ. അതേസമയം, ഭോപ്പാല്‍ എംപിയും ബിജെപി നേതാവുമായ അലോക് ശര്‍മ്മ സബ് ഇന്‍സ്‌പെക്ടറുടെ പരാമര്‍ശത്തെ പിന്തുണച്ച് രംഗത്തെത്തി. വനിതകള്‍ക്ക് വനിതാ പരിശീലകരെ മാത്രമേ നിയമിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവം ശ്രദ്ധിക്കുകയും ദിനേശ് ശര്‍മ്മക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തു.