
ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ഇന്റലിജന്‍സ് വിഭാഗത്തിലെ എല്ലാ സൈനികരും ഉദ്യോഗസ്ഥരും അറബി ഭാഷയിലും ഇസ്ലാമിക പഠനത്തിലും പരിശീലനം നേടുന്നത് നിര്‍ബന്ധമാക്കിയതായി റിപ്പോര്‍ട്ട്. 2023 ഒക്ടോബര്‍ 7 ലെ ഹമാസ് ആക്രമണത്തിനു പിന്നാലെ ഇന്റലിജന്‍സ് പരാജയം മനസിലാക്കിയതോടെയാണ് ഇത് നിര്‍ബന്ധമാക്കിയതെന്ന് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്ത വര്‍ഷം അവസാനത്തോടെ, AMAN (ഇസ്രായേലിന്റെ മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ ഹീബ്രു ചുരുക്കെഴുത്ത്) ഉദ്യോഗസ്ഥരില്‍ 100 ശതമാനം പേര്‍ക്കും ഇസ്ലാമിക പഠനങ്ങളില്‍ പരിശീലനം നല്‍കും, അവരില്‍ 50 ശതമാനം പേര്‍ക്കും അറബി ഭാഷാ പരിശീലനവും നല്‍കും. AMAN മേധാവി മേജര്‍ ജനറല്‍ ഷ്‌ലോമി ബൈന്‍ഡറാണ് ഈ മാറ്റത്തിന് ഉത്തരവിട്ടത്. ഇതിനു പുറമെ, ഹൂത്തി ആശയവിനിമയങ്ങള്‍ മനസ്സിലാക്കുന്നതില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടതിനാല്‍, ഹൂത്തി, ഇറാഖി ഭാഷകളിലെ പ്രത്യേക പരിശീലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും.
‘സംസ്‌കാരം, ഭാഷ, ഇസ്ലാം എന്നീ മേഖലകളില്‍ ഇതുവരെ നമ്മള്‍ വേണ്ടത്ര മികവ് പുലര്‍ത്തിയിട്ടില്ല. ഈ മേഖലകളില്‍ നമ്മള്‍ മെച്ചപ്പെടേണ്ടതുണ്ട്. നമ്മുടെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെയും സൈനികരെയും ഒരു ഗ്രാമത്തില്‍ വളര്‍ന്ന അറബ് കുട്ടികളാക്കി മാറ്റില്ല, പക്ഷേ ഭാഷാ, സാംസ്‌കാരിക പഠനങ്ങളിലൂടെ നമുക്ക് അവരില്‍ സംശയവും ആഴത്തിലുള്ള നിരീക്ഷണവും വളര്‍ത്താന്‍ കഴിയും.’- ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അറബി, ഇസ്ലാമിക വിദ്യാഭ്യാസത്തിനായി ഒരു പുതിയ വകുപ്പ് തന്നെ സൃഷ്ടിക്കും.
കൂടാതെ, ഇസ്രായേലി മിഡില്‍, ഹൈസ്‌കൂളുകളില്‍ അറബി, മിഡില്‍ ഈസ്റ്റേണ്‍ പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഐഡിഎഫ് പദ്ധതിയിട്ടിട്ടുണ്ട്.