
തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം കഴിഞ്ഞുപോയ അധ്യായമാണെന്നും പ്രതികരിക്കാനില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. വിശ്വാസികള്‍ക്കൊപ്പമാണ് പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു.
”വിശ്വാസികളുടെ നിലപാടുമായി ബന്ധപ്പെട്ടാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. ഒരു വിശ്വാസത്തിനും എതിരായ നിലപാട് ഇന്നലെയും എടുത്തിട്ടില്ല, നാളെയും എടുക്കില്ല. അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളുടെ ആവശ്യം കണക്കിലെടുത്തായിരുന്നു തീരുമാനം. ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരുടെ പിന്തുണ അതിനു ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ ഉദ്ദേശ്യത്തോടെ മതത്തെയും വിശ്വാസത്തെയും കൈകാര്യം ചെയ്യുന്നവരാണ് വര്‍ഗീയ വാദികള്‍. അവരാണ് ഈ വിഷയത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത്.”എം.വി.ഗോവിന്ദന്‍ പറഞ്ഞു.
വിശ്വാസം ഉപകരണമായി ഉപയോഗിക്കുന്നവരാണ് വര്‍ഗീയവാദികളെന്നും അവരുടെ പ്രചാരണവേലയോടൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ സിപിഎം ഇല്ലെന്നും ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കി. ശബരിമല യുവതീപ്രവേശനത്തില്‍ കോടതിവിധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് മുമ്പുണ്ടായതെന്നും ഇപ്പോള്‍ അതിലൂടെ കടന്നുപോകേണ്ട കാര്യമില്ലെന്നും അന്നുണ്ടായതിനെപ്പറ്റി ഒരു കാര്യവും പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.















