കത്തുകൊണ്ട് ‘കുത്ത്’ കിട്ടി സി.പി.എം; ‘പരാതി ചോര്‍ച്ച വിവാദം അസംബന്ധം, പ്രതികരിക്കാനില്ലെന്ന്’ എം.വി ഗോവിന്ദന്‍

തിരുവനന്തപുരം : സിപിഎമ്മിനെ വെട്ടിലാക്കിയ കത്തുചോര്‍ച്ച വിവാദം അസംബന്ധം എന്ന് പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇത്തരത്തിലുള്ള അസംബന്ധങ്ങളോട് താന്‍ പ്രതികരിക്കില്ലെന്നായിരുന്നു എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രശ്‌നത്തെ നിസ്സാരവത്ക്കരിച്ച് പറഞ്ഞത്.

എസ് എഫ് ഐ മുന്‍ ജില്ലാ ഭാരവാഹിയും പത്തനംതിട്ട സ്വദേശിയുമായ രാജേഷ് കൃഷ്ണയ്ക്കെതിരെ സി പി എം നേതൃത്വത്തിന് ചെന്നൈയില്‍ വ്യവസായിയായ മുഹമ്മദ് ഷെര്‍ഷാദ് നല്‍കിയ പരാതി കോടതിയില്‍ രേഖയായി എത്തിയിരുന്നു. താന്‍ പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയ പരാതി ചോര്‍ന്നതിന് പിന്നില്‍ എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന് പരാതി നല്‍കിയ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് ആരോപിച്ചിരുന്നു. ഇതാണിപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ ലണ്ടനില്‍നിന്നുള്ള പ്രതിനിധിയായി പങ്കെടുക്കാനിരുന്ന രാജേഷ് കൃഷ്ണയെക്കുറിച്ച് വ്യവസായി ഷര്‍ഷാദ് പി ബിക്ക് പരാതി നല്‍കിയിരുന്നു. പ്രതിനിധി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി രാജേഷ് ഡല്‍ഹി ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം നല്‍കിയിരുന്നു. ഇതിനൊപ്പമാണ് ഷര്‍ഷാദ് നല്‍കിയ പരാതി കൂടി ഉള്‍പ്പെടുത്തിയത്.

ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ കത്തിലൂടെ പുറത്ത് വന്നിട്ടുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന സി.പി.എം നേതാക്കളും പ്രധാനപ്പെട്ട സി.പി.എം നേതാവിന്റെ കുടുംബാംഗവും ഉള്‍പ്പെടെ നിരവധി പേര്‍ സാമ്പത്തിക ഇടപാടിന്റെ ഭാഗമാണെന്നാണ് കത്തില്‍ പറയുന്നത്. 2021 ല്‍ സി.പി.എം പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയെന്നു പറയുന്ന കത്ത് എന്തുകൊണ്ടാണ് പാര്‍ട്ടി ഇതുവരെ മൂടി വച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചിരുന്നു.

കിങ്ഡം സെക്യൂരിറ്റി സര്‍വീസ് എന്ന പേരില്‍ ചെന്നൈയില്‍ കമ്പനി രൂപീകരിച്ച് കോടിക്കണക്കിന് രൂപ എത്തിച്ച് കേരളത്തിലെ സി.പി.എം നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു എന്നതാണ് കത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരോപണം. ബാങ്ക് അക്കൗണ്ടുകള്‍ മുഖേന തന്നെ വന്‍തുക കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ നടന്ന ഒരു പ്രോജക്ടുമായി ബന്ധപ്പെട്ടും വന്‍തുക കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറിയുടെ അടുത്ത ബന്ധു തന്നെ ആരോപണ വിധേയനായ ആളുമായി നിരന്തരമായ ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ബിസിനസ് ചെയ്യുന്നുണ്ടെന്നുമുള്ള ആരോപണം വന്നിട്ടുണ്ട്. സി.പി.എം നേതാക്കളുടെ അടുത്ത ആളായി അറിയപ്പെട്ടിരുന്ന ആളാണ് ആരോപണ വിധേയന്‍. റിവേഴ്സ് ഹവാല ഉള്‍പ്പെടെയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ ആരോപണ വിധേയനായ വ്യക്തിയുമായി കേരളത്തിലെ സി.പി.എം നേതാക്കള്‍ നടത്തിയിട്ടുണ്ടെന്നാണ് കത്തില്‍ വെളിപ്പെട്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Also Read

More Stories from this section

family-dental
witywide