
ആലപ്പുഴ: എല്ലാവഴികളും വി എസിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞ മണിക്കൂറുകളില്‍ കേരളം സാക്ഷ്യംവഹിച്ചത്. ഒരു നോക്ക് കാണാന്‍ കാത്തുനില്‍ക്കുന്ന ജനസാഗരത്തിന്റെ മുദ്രാവാക്യവിളിയില്‍ അന്ത്യയാത്രയിലാണ് പ്രിയ സഖാവ്. പ്രിയപ്പെട്ടവരുടെ ഇടയിലൂടെ ചേതനയറ്റ് വി.എസ് തിരുവനന്തപുരവും, കൊല്ലവും, ആലപ്പുഴയും താണ്ടിയെത്തുകയാണ് പ്രിയപ്പെട്ടവരുടെ കണ്ണും കരളുമായ നേതാവ്.
അതേസമയം, വി.എസ് അച്യുതാനന്ദന്റെ സംസ്‌കാര സമയക്രമത്തില്‍ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അറിയിച്ചു. അഭൂതപൂര്‍വമായ ജനക്കൂട്ടമാണ് വി എസിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കാത്തുനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ സംസ്‌കാരത്തിന്റെ അടക്കമുള്ള സമയക്രമത്തില്‍ മാറ്റം ഉണ്ടാകുമെന്നാണ് എം വി ഗോവിന്ദന്‍ അറിയിച്ചിരിക്കുന്നത്. വി.എസ് അച്യുതാനന്ദന്റെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഡിസിയിലെ പൊതുദര്‍ശനം അരമണിക്കൂറായി ചുരുക്കിയിട്ടുണ്ട്. പേമാരിയേയും സമയത്തെയും അവഗണിച്ച് ആയിരങ്ങളാണ് പ്രിയ നേതാവിനെ കാണാന്‍ വഴിയരികില്‍ ഒഴുകിയെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര രാത്രി പത്ത് മണിക്ക് ആലപ്പുഴയില്‍ എത്തുമെന്നാണ് കരുതിയത്. എന്നാല്‍ വഴിയരുകില്‍ കാത്തുനിന്ന ജനപ്രവാഹം കടന്നെത്താന്‍ വളരെയേറെ വൈകി. കനത്ത മഴയെ പോലും അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങള്‍ പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പാതിരാനേരത്തും കാത്തുനിന്നത്.
മൃതദേഹവും വഹിച്ചുള്ള കെഎസ്ആര്‍ടിസിയുടെ പ്രത്യേക പുഷ്പാലംകൃത ബസ് 20 മണിക്കൂര്‍ പിന്നിടുമ്പോഴും ആലപ്പുഴയിലെ അമ്പലപ്പുഴ എത്തിയിട്ടുള്ളു. ഇനി 10 കിലോമീറ്റര്‍ കൂടിയാണ് പുന്നപ്രയിലെത്താന്‍ ഉള്ളത്. മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിലേക്കാണ് എത്തിക്കുക. പിന്നീട് തിരുവമ്പാടിയിലെ സി പി എം ജില്ലാകമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം ഉണ്ടാകും. ആലപ്പുഴയില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ ഉറങ്ങുന്ന വലിയ ചുടുകാട്ടില്‍ ഇന്ന് വൈകീട്ട് നാലുമണിക്കാണ് സംസ്‌കാരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ സമയത്താണ് മാറ്റം വരുത്തിയിരിക്കുന്നത്.