
ന്യൂഡല്‍ഹി : തന്റെ റിമോട്ട് കണ്‍ട്രോള്‍ 140 കോടി ജനങ്ങളാണെന്നും തനിക്ക് വേറെ റിമോട്ട് കണ്‍ട്രോള്‍ ഇല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്കെതിരെ ചീറ്റുന്ന എത് വിഷവും ശിവനെ പോലെ വിഴുങ്ങാന്‍ അറിയാമെന്നും മോദി പറഞ്ഞു. 18,530 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനായി ഇന്നലെ അസമിലെ ദാരംഗ് ജില്ലയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി മോദി ഈ പരാമര്‍ശം നടത്തിയത്.
‘1962-ലെ ചൈനയുമായുള്ള യുദ്ധത്തിനുശേഷം, വടക്കുകിഴക്കന്‍ മേഖലയിലെ ജനങ്ങളുടെ മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ തലമുറ ഇപ്പോഴും ആ മുറിവുകളില്‍ ഉപ്പ് വിതറുകയാണ്,’ പ്രധാനമന്ത്രി മോദി പറഞ്ഞു.
അന്തരിച്ച സംഗീത ഇതിഹാസവും ഭാരതരത്ന അവാര്‍ഡ് ജേതാവുമായ ഭൂപന്‍ ഹസാരികയെ അപമാനിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. ഹസാരികയ്ക്ക് ഭാരതരത്ന പ്രഖ്യാപിച്ചതിന് ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് നടത്തിയ പരാമര്‍ശം തന്നെ വളരെയധികം വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
‘കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റിന്റെ ഒരു വീഡിയോ മുഖ്യമന്ത്രി എനിക്ക് കാണിച്ചുതന്നു, ഇത് കണ്ടപ്പോള്‍ എനിക്ക് അത്യധികം വേദന തോന്നി. ഈ രാജ്യത്തിന്റെ മഹാനായ പുത്രനും അസമിന്റെ അഭിമാനവുമായ ഭൂപന്‍ ഹസാരിക ജിക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ ഭാരതരത്ന നല്‍കിയ ദിവസം. മോദി, നര്‍ത്തകര്‍ക്കും ഗായകര്‍ക്കും ഭാരതരത്നം നല്‍കുന്നുവെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് പറഞ്ഞിരുന്നു. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ കടന്നാക്രമിച്ച് മോദി പറഞ്ഞു.