
ചെന്നൈ: നടൻ വിജയ്‌യുടെ പ്രചാരണ വാഹനം ഇരുചക്രവാഹനത്തിൽ ഇടിച്ച സംഭവത്തിൽ വാഹനം പിടിച്ചെടുക്കാൻ നാമക്കൽ പൊലീസ് തീരുമാനിച്ചു. മദ്രാസ് ഹൈക്കോടതിയുടെ കടുത്ത വിമർശനത്തെ തുടർന്നാണ് ഈ നടപടി. വാഹനം ഇടിച്ചതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും കേസ് രജിസ്റ്റർ ചെയ്യാത്തതിനെ കോടതി ചോദ്യം ചെയ്തിരുന്നു. പരാതിക്കോ ഉത്തരവിനോ കാത്തിരിക്കുകയാണോ എന്ന് ചോദിച്ച കോടതി, സർക്കാർ മൗനം പാലിക്കരുതെന്നും നിർദേശിച്ചു.
കരൂരിൽ തിക്കിലും തിരക്കിലും 41 പേർ മരിച്ച സംഭവത്തിൽ തമിഴക വെട്രി കഴകത്തെയും (ടിവികെ) വിജയ്‌യെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. മനുഷ്യനിർമിത ദുരന്തമാണ് നടന്നതെന്നും, അപകടവേളയിൽ സംഘാടകരും നേതാക്കളും അനുയായികളെ ഉപേക്ഷിച്ച് രക്ഷപ്പെട്ടുവെന്നും കോടതി കുറ്റപ്പെടുത്തി. വിജയ്‌ക്ക് നേതൃപാടവം ഇല്ലെന്നും, ദുരന്തത്തെ അവഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും കോടതി ഓർമിപ്പിച്ചു.
അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ വടക്കൻ മേഖല ഐജി അസ്ര ഗാർഗിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സിബിഐ അന്വേഷണ ആവശ്യം കോടതി തള്ളി. രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും, സർക്കാരിനും വിജയ്‌യുടെ പക്ഷത്തിനും മറുപടി നൽകാനും കോടതി നിർദേശിച്ചു.