
ന്യൂഡല്‍ഹി : ഇന്ത്യയും യുഎസും വ്യാപാര ചര്‍ച്ചകള്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയത് ശുഭ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചു. സെപ്റ്റംബര്‍ 17 ന് 75 വയസ്സ് തികയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫോണില്‍ വിളിച്ചാണ് ആശംസകള്‍ അറിയിച്ചത്. ഇരുവരും ഇത് സമൂഹമാധ്യമങ്ങളില്‍ വിലപ്പെട്ട നിമിഷമായി കുറിക്കുകയും ചെയ്തിട്ടുണ്ട്.
‘ഇപ്പോള്‍ എന്റെ സുഹൃത്ത് നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു. അദ്ദേഹം ഗംഭീരമായ ജോലിയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. നരേന്ദ്ര: റഷ്യ – യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇതിന് ഹൃദ്യമായ മറുപടിയാണ് മോദി നല്‍കിയത്.

താങ്ക്യു മൈ ഫ്രണ്ട്, എന്റെ 75-ാം ജന്മദിനത്തില്‍ നിങ്ങളുടെ ഫോണ്‍ കോളിനും ഊഷ്മളമായ ആശംസകള്‍ക്കും നന്ദി. നിങ്ങളെപ്പോലെ, ഇന്ത്യ – യുഎസ് സമഗ്രവും ആഗോളവുമായ പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഞാന്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധനാണ്. യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ സമാധാനപരമായ പരിഹാരത്തിനായുള്ള നിങ്ങളുടെ ശ്രമങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു.’ മോദി പറഞ്ഞു.
യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യയെ അമേരിക്ക ശകാരിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് 50 ശതമാനം അധിക തീരുവ കൊണ്ടുള്ള പ്രഹരവും നല്‍കിയത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വ്യപാര ചര്‍ച്ചകളും പിറന്നാള്‍ ആശംസയും ഇന്ത്യ- യുഎസ് ബന്ധം വീണ്ടും ശക്തമാകുന്നതിന്റെ സൂചന നല്‍കുന്നുണ്ട്.
എന്നാല്‍ ട്രംപിന്റെയും മോദിയുടെയും വ്യക്തിപരമായ ബന്ധം ഉലഞ്ഞുപോയത് വ്യാപാര ബന്ധത്തില്‍ ആശങ്കയായിരുന്നു. അടുത്തിടെയായി ഇരുവരും പരസ്പരം പുകഴ്ത്തുകയും സംഘര്‍ഷത്തെ മറികടക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. യുഎസ് ഉദ്യോഗസ്ഥരുടെ കടുത്ത പരിഹാസങ്ങളാണ് പലപ്പോഴും ഇന്ത്യയെ ചൊടിപ്പിച്ചത്. ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റര്‍ നവാരോയും ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും ഇന്ത്യയെക്കുറിച്ച് ആവര്‍ത്തിച്ച് അരോചകമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
ചൊവ്വാഴ്ച ഡല്‍ഹിയില്‍ ഇന്ത്യ-യുഎസ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി വ്യാപാര ചര്‍ച്ചകള്‍ തുടങ്ങി. ചര്‍ച്ചകള്‍ പോസിറ്റീവ് ആണെന്ന് ഹ്രസ്വ പ്രസ്താവനകള്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. റഷ്യന്‍ എണ്ണ വാങ്ങിയതിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ ശിക്ഷാ തീരുവകള്‍ മൂലം അപകടത്തിലായ സ്വതന്ത്ര വ്യാപാര കരാറില്‍ വഴിത്തിരിവ് ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ ഉയരുന്നത്. യു എസ് വ്യാപാര രംഗത്തെ പ്രധാന ഇടനിലക്കാരനായ ബ്രെന്‍ഡന്‍ ലിഞ്ചും സംഘമാണ് യു എസില്‍നിന്ന് ഡല്‍ഹിയില്‍ എത്തിയത്. ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വാണിജ്യ മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയ്ക്കുമേല്‍ തീരുവ ഏര്‍പ്പെടുത്തിയതിനു ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ട് നടക്കുന്ന ആദ്യ വ്യാപാര ചര്‍ച്ചയാണിത്.















