
ഫ്‌ളോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയം, ചന്ദ്രന്‍, ചൊവ്വ എന്നിവിടങ്ങളിലേക്കുള്ള ഭാവി യാത്രകള്‍ക്കായി പരിശീലനത്തിനായി പുതിയ സംഘത്തെ തിരഞ്ഞെടുത്ത് നാസ. മികച്ച വിമാനങ്ങളില്‍ പരിചയമുള്ള ആറ് പൈലറ്റുമാര്‍, ഒരു ബയോമെഡിക്കല്‍ എഞ്ചിനീയര്‍, ഒരു അനസ്തേഷ്യോളജിസ്റ്റ്, ഒരു ജിയോളജിസ്റ്റ്, മുന്‍ സ്പേസ് എക്സ് ലോഞ്ച് ഡയറക്ടര്‍ എന്നിവരാണ് സംഘത്തില്‍ ഉള്‍പ്പെടുന്നത്.
8,000-ത്തിലധികം അപേക്ഷകരില്‍ നിന്നാണ് പത്തുപേരടങ്ങുന്ന സംഘത്തെ നാസ തിരഞ്ഞെടുത്തത്. ഇവരില്‍ നാല് പുരുഷന്മാരും ആറ് സ്ത്രീകളുമാണുള്ളത്. സ്‌പേസ് എക്‌സിലെ മെഡിക്കല്‍ വിദഗ്ധനും മലയാളിയുമായ ഡോ. അനില്‍ മേനോന്റെ ഭാര്യ അന്ന(35)യും ഇക്കൂട്ടത്തിലുണ്ട്. സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സ് നടത്തിയ ആദ്യ ബഹിരാകാശ നടത്ത (സ്‌പേസ് വോക്) ദൗത്യ സംഘത്തിലെ ക്രൂ മെമ്പറായിരുന്നു അന്ന. 2024 സെപ്റ്റംബറിലെ ദൗത്യത്തില്‍, അവര്‍ ഓണ്‍ബോര്‍ഡ് മെഡിക്കല്‍ ഓഫീസറായി സേവനമനുഷ്ഠിച്ചു. 2016 ൽ നാസയിൽ ജോലി ചെയ്യുന്നതിനിടെയാണ് അവർ അനിലിനെ വിവാഹം കഴിച്ചത്. മുൻ വ്യോമസേന ഫ്ലൈറ്റ് സർജനായിരുന്ന അനിൽ മേനോൻ 2018 ൽ സ്പേസ് എക്സിന്റെ ആദ്യ മെഡിക്കൽ ഓഫീസറായി ചേർന്നു. 2021 ൽ അദ്ദേഹം നാസയുടെ ബഹിരാകാശയാത്രിക കോർപ്സിൽ ചേർന്നു, റഷ്യൻ സോയൂസിൽ വിക്ഷേപിക്കാൻ തീരുമാനിച്ചിരിക്കുന്ന ദീർഘകാല ബഹിരാകാശ നിലയ സംഘത്തിലേക്ക് ഇപ്പോൾ നിയമിക്കപ്പെട്ടിരിക്കുന്നു.
”നാസ കുടുംബത്തോടൊപ്പം ഇവിടെ തിരിച്ചെത്തിയതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്, കൂടുതല്‍ കൂടുതല്‍ ആളുകള്‍ ബഹിരാകാശത്തേക്ക് കടക്കുമ്പോള്‍ ആ ബഹിരാകാശയാത്രികരെ പിന്തുണയ്ക്കാനും അവരെ ആരോഗ്യത്തോടെയും സുരക്ഷിതമായും നിലനിര്‍ത്താനും സഹായിക്കുന്നതിന് വളരെയധികം കാര്യങ്ങള്‍ പഠിക്കാന്‍ ഞങ്ങള്‍ക്ക് ഈ അത്ഭുതകരമായ അവസരം ലഭിക്കുന്നു. അതിനാല്‍ ഇവിടെ ആയിരിക്കുന്നത് ഒരു ആവേശകരമായ സമയമാണ്.”- അന്ന മേനോന്‍ പറഞ്ഞു. 2018-ല്‍ സ്‌പേസ് എക്‌സില്‍ ചേരുന്നതിന് മുമ്പ് അന്ന മേനോന്‍ ഒരു ബയോമെഡിക്കല്‍ ഗവേഷകയായും ഫ്‌ലൈറ്റ് കണ്‍ട്രോളറായും ഏഴ് വര്‍ഷം നാസയില്‍ ജോലി ചെയ്തിരുന്നു. അവര്‍ ഒരു സീനിയര്‍ എഞ്ചിനീയറായി സേവനമനുഷ്ഠിച്ചു. പിന്നീട് കോടീശ്വരനായ ജാരെഡ് ഐസക്മാന്‍ ചാര്‍ട്ടേഡ് ചെയ്ത വാണിജ്യ പോളാരിസ് ഡോണ്‍ ദൗത്യത്തില്‍ ഓണ്‍ബോര്‍ഡ് മെഡിക്കല്‍ ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടു.
പുതിയ ബഹിരാകാശയാത്രികരെ നാസ തിങ്കളാഴ്ചയാണ് പരിചയപ്പെടുത്തിയത്. ”ഈ 10 പേരില്‍ ഒരാള്‍ ചൊവ്വയുടെ ഉപരിതലത്തില്‍ കാലുകുത്തുന്ന ആദ്യത്തെ അമേരിക്കക്കാരില്‍ ഒരാളാകാം, ഇത് വളരെ വളരെ രസകരമാണ്,” നാസയുടെ ആക്ടിംഗ് അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളുള്ള നാസയുടെ ആദ്യത്തെ ബഹിരാകാശയാത്രാ പരിശീലന സംഘമാണിത്.
അന്ന മേനോനെക്കൂടാതെ, ബെൻ ബെയ്‌ലി, ലോറൻ എഡ്ഗർ, എറിൻ ഓവർകാഷ്, കാതറിൻ സ്പൈസ്, കാമറൂൺ ജോൺസ്, ആദം ഫുർമാൻ, റെബേക്ക ലോളർ, ഇമെൽഡ മുള്ളർ, യൂറി കുബോ, എന്നിവരാണ് സംഘത്തിലുള്ളത്.
ബെൻ ബെയ്‌ലി
38 കാരനായ ബെൻ ബെയ്‌ലി നേവൽ ടെസ്റ്റ് പൈലറ്റ് സ്കൂളിൽ നിന്ന് ബിരുദം നേടിയ വ്യക്തിയാണ്. 30-ലധികം വ്യത്യസ്ത വിമാനങ്ങൾ 2,000 മണിക്കൂറിലധികം പറത്തി പരിചയ സമ്പത്തുണ്ട്, UH-60 ബ്ലാക്ക് ഹോക്ക്, CH-47F ചിനൂക്ക് ഹെലികോപ്റ്ററുകളിൽ പ്രവർത്തിച്ചതും ഇതിൽ ഉൾപ്പെടുന്നു.
ലോറൻ എഡ്ഗർ
നാസയുടെ ചൊവ്വ പര്യവേക്ഷണ റോവറുകളെ പിന്തുണച്ച പരിചയമുള്ളയാളാണ് ലോറൻ എഡ്ഗർ , അടുത്തിടെ, നാസയുടെ ആർട്ടെമിസ് 3 മൂൺ ലാൻഡിംഗ് ദൗത്യത്തിൽ ഡെപ്യൂട്ടി പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായി സേവനമനുഷ്ഠിച്ചു. കാൽടെക്കിൽ നിന്ന് ജിയോളജിയിൽ പിഎച്ച്.ഡി നേടിയിട്ടുണ്ട് ഈ 40 കാരി.
മേജർ ആദം ഫുർമാൻ
ഫ്രൈറ്റ് ടെസ്റ്റ് പൈലറ്റ് സ്കൂളിൽ നിന്ന് ബിരുദം നേടിയ 35 കാരനായ വ്യോമസേന മേജർ ആദം ഫുർമാൻ, എഫ്-16, എഫ്-35 ജെറ്റുകൾ 2,100 മണിക്കൂറിലധികം പറത്തിയ വ്യക്തിയാണ്. ഫ്ലൈറ്റ് ടെസ്റ്റ് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
മേജർ കാമറൂൺ ജോൺസ്
എയർഫോഴ്‌സ് ടെസ്റ്റ് പൈലറ്റ് സ്‌കൂളിൽ നിന്നും എയർഫോഴ്‌സ് വെപ്പൺസ് സ്‌കൂളിൽ നിന്നും ബിരുദം നേടിയ 35 വയസ്സുള്ള എയർഫോഴ്‌സ് മേജർ കാമറൂൺ ജോൺസ്, 1,600 മണിക്കൂറിലധികം ഉയർന്ന പ്രകടനമുള്ള വിമാനങ്ങൾ പറത്തിയിട്ടുണ്ട്, കൂടുതൽ സമയവും F-22 റാപ്റ്റർ പറത്താൻ ചെലവഴിച്ചാണ് ഇദ്ദേഹം മികവു തെളിയിച്ചത്.
യൂറി കുബോ
മുൻ സ്‌പേസ് എക്സ് ലോഞ്ച് ഡയറക്ടറാണ് 40 വയസ്സുള്ള യൂറി കുബോ. ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദമുള്ള വ്യക്തിയാണ്.
റെബേക്ക ലോളർ
നേവി പി-3 ഓറിയോൺ പൈലറ്റും പരീക്ഷണാത്മക ടെസ്റ്റ് പൈലറ്റുമായ 38 വയസ്സുള്ള റെബേക്ക ലോളർ നേവൽ അക്കാദമി ബിരുദധാരിയാണ്. 2,800 മണിക്കൂറിലധികം വിമാനം പറത്തി പരിചയസമ്പത്തുണ്ട് ഇവർക്ക്. അവർ തിരഞ്ഞെടുക്കപ്പെട്ട സമയത്ത് യുണൈറ്റഡ് എയർലൈൻസിന്റെ ടെസ്റ്റ് പൈലറ്റായിരുന്നു.
ഇമെൽഡ മുള്ളർ
വെർമോണ്ട് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിനിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ നാവികസേനയുടെ മുൻ അണ്ടർസീ മെഡിക്കൽ ഓഫീസറാണ് 34 വയസ്സുള്ള ഇമെൽഡ മുള്ളർ. ബഹിരാകാശയാത്രിക തിരഞ്ഞെടുപ്പിന്റെ സമയത്ത് അവർ ബാൾട്ടിമോറിലെ ജോൺസ് ഹോപ്കിൻസ് സ്‌കൂൾ ഓഫ് മെഡിസിനിൽ അനസ്തേഷ്യ വിഭാഗത്തിലായിരുന്നു പ്രവർത്തിച്ചത്.
എറിൻ ഓവർകാഷ്
നേവി ലെഫ്റ്റനന്റ് കമ്മീഷണറാണ് എറിൻ ഓവർകാഷ്. നേവൽ ടെസ്റ്റ് പൈലറ്റ് സ്കൂൾ ബിരുദധാരിയും വിമാനവാഹിനിക്കപ്പലിൽ പരിചയസമ്പന്നയായ എഫ്/എ-18, എഫ്/എ-18എഫ് സൂപ്പർ ഹോർനെറ്റ് പൈലറ്റുമാണ് ഈ 34 കാരി. യുഎസ്എ റഗ്ബി വനിതാ ദേശീയ ടീമിലും അവർ പരിശീലനം നേടിയിട്ടുണ്ട്.
കാതറിൻ സ്പൈസ്
മുൻ മറൈൻ കോർപ്സ് എഎച്ച്-1 ആക്രമണ ഹെലികോപ്റ്റർ പൈലറ്റും നേവൽ ടെസ്റ്റ് പൈലറ്റ് സ്കൂളിൽ നിന്ന് 2,000 മണിക്കൂറിലധികം പറക്കൽ സമയത്തിൻറെ പരിചയ സമ്പത്തമുള്ള വ്യക്തിയാണ് കാതറിൻ സ്പൈസ്. നിലവിൽ ഗൾഫ്സ്ട്രീം എയ്‌റോസ്‌പേസ് കോർപ്പറേഷന്റെ ഫ്ലൈറ്റ് ടെസ്റ്റ് എഞ്ചിനീയറിംഗ് ഡയറക്ടറാണ് ഈ 43 കാരി.