
വാഷിംഗ്ടണ്‍ : സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമായി യുഎസ് ബഹിരാകാശ ഏജന്‍സി നാസ 2,000-ത്തിലധികം സീനിയര്‍ ലെവല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ഉയര്‍ന്ന തസ്തികകളിലുള്ള 2,145 ജീവനക്കാര്‍ വരും മാസങ്ങളില്‍ നാസ വിടുമെന്ന് പ്രതീക്ഷിക്കുന്നു. അവരില്‍ പലര്‍ക്കും പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ളവരാണ്, മാത്രമല്ല നാസയുടെ ശാസ്ത്ര, ബഹിരാകാശ ദൗത്യങ്ങളില്‍ പ്രധാന പങ്കു വഹിക്കുന്നവരുമായിരുന്നു
ട്രംപ് ഭരണകൂടത്തിന്റെഈ നീക്കം ഞെട്ടിപ്പിക്കുന്നതാണെന്നും ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നാസയുടെ പ്രവര്‍ത്തനങ്ങളെയും ഗവേഷണങ്ങളെയും ബാധിച്ചേക്കാമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പിരിച്ചുവിടല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജീവനക്കാരില്‍ 1,818 പേര്‍ നിലവില്‍ മനുഷ്യ ബഹിരാകാശ യാത്ര ഉള്‍പ്പെടെയുള്ള നാസയുടെ പ്രധാന ദൗത്യ മേഖലകളുടെ ഭാഗമാണെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. ബാക്കിയുള്ള ജീവനക്കാര്‍ വിവരസാങ്കേതികവിദ്യ അല്ലെങ്കില്‍ ധനകാര്യം ഉള്‍പ്പെടെയുള്ള ദൗത്യ പിന്തുണാ വിഭാഗവുമായിബന്ധപ്പെട്ടിരിക്കുന്നു.
നാസയിലെ പിരിച്ചുവിടലുകളെക്കുറിച്ചുള്ള വാര്‍ത്ത പൊളിറ്റിക്കോയാണ് പുറത്തുവിട്ടത്. ‘ഫെഡറല്‍ തൊഴിലാളികളെ കുറയ്ക്കുന്നതിനുള്ള വിശാലമായ ഭരണകൂട ശ്രമങ്ങളുടെ’ ഭാഗമാണ് ഈ നീക്കമെന്ന് തങ്ങള്‍ക്ക് ലഭിച്ചതായി അവകാശപ്പെടുന്ന ഒരു ഔദ്യോഗിക രേഖ ഉദ്ധരിച്ച് അവര്‍ അവകാശപ്പെട്ടു. നാസയുടെ 10 റീജിയണല്‍ സെന്ററുകളില്‍ ജോലി ചെയ്യുന്നവരാണ് പട്ടികയിലുള്ളത്. മേരിലാന്‍ഡിലെ ഗോഡ്ഡാര്‍ഡ് സ്പേസ് ഫ്‌ലൈറ്റ് സെന്ററില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുന്നത്. 607പേരാണ് ഇവിടെ നിന്നും പടിയിറങ്ങുക. ടെക്‌സസിലെ ജോണ്‍സണ്‍ സ്പേസ് സെന്ററില്‍ നിന്ന് 366 ജീവനക്കാരെയും ഫ്‌ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് 311 ജീവനക്കാരെയും നഷ്ടപ്പെടുമെന്ന് പൊളിറ്റിക്കോ അവകാശപ്പെട്ടു. വാഷിംഗ്ടണിലെ നാസ ആസ്ഥാനം 307 പേരെയും വിര്‍ജീനിയയിലെ ലാംഗ്ലി റിസര്‍ച്ച് സെന്ററില്‍ നിന്ന് 281 പേരെയും പിരിച്ചുവിടും. അലബാമയിലെ മാര്‍ഷല്‍ സ്പേസ് ഫ്‌ലൈറ്റ് സെന്ററും ക്ലീവ്ലാന്‍ഡിലെ ഗ്ലെന്‍ റിസര്‍ച്ച് സെന്ററും യഥാക്രമം 279 പേരെയും 191 പേരെയും പിരിച്ചുവിടും.
2026 ലെ വൈറ്റ് ഹൗസ് ബജറ്റില്‍ നാസയുടെ ധനസഹായം 25 ശതമാനം വെട്ടിക്കുറയ്ക്കാനും 5,000 ത്തിലധികം ജീവനക്കാരെ വെട്ടിക്കുറയ്ക്കാനും ലക്ഷ്യമിടുന്നു. ഇത് നടപ്പിലാക്കിയാല്‍, 1960 കളിലേതുപോലെ ജീവനക്കാരുടെ എണ്ണം വളറെ കുറവാകുകായും ഇത് കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കുകയും ചെയ്യും.