
ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ കഴിയുന്ന ഇന്ത്യക്കാരനായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെയും മറ്റ് മൂന്ന് ക്രൂ അംഗങ്ങളുടെയും മടക്കയാത്ര ജൂലൈ 14 ന് ആരംഭിക്കുമെന്ന് നാസ. യുഎസിലെ കാലിഫോര്‍ണിയക്ക് അടുത്തായി, പസഫിക് സമുദ്രത്തിലാകും ബഹിരാകാശ സഞ്ചാരികളെ വഹിക്കുന്ന പേടകം തിരികെ ലാന്‍ഡ് ചെയ്യുക.
”ആക്‌സിയം -4 ന്റെ പുരോഗതി ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചുകൊണ്ട് ഞങ്ങള്‍ സ്റ്റേഷന്‍ പ്രോഗ്രാമുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ദൗത്യം ശ്രദ്ധാപൂര്‍വ്വം അണ്‍ഡോക്ക് ചെയ്യലാണ് അടുത്ത ഘട്ടം, നിലവില്‍ അണ്‍ഡോക്ക് ചെയ്യാനുള്ള ലക്ഷ്യം ജൂലൈ 14 ആണ്” എന്നാണ് നാസ കൊമേഴ്സ്യല്‍ ക്രൂ പ്രോഗ്രാം മാനേജര്‍ സ്റ്റീവ് സ്റ്റിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.
14 ദിവസത്തെ ദൗത്യത്തിനാണ് ശുക്ല അടക്കമുള്ള സഞ്ചാരികള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ഐഎസ്എസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരനും, 1984 ല്‍ ബഹിരാകാശത്തേക്ക് പോയ വിംഗ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മയ്ക്ക് ശേഷം രണ്ടാമത്തെ ഇന്ത്യന്‍ ബഹിരാകാശ യാത്രികനുമാണ് ശുക്ല.
ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ രൂപകല്‍പന ചെയ്ത പരീക്ഷണങ്ങള്‍ ഐഎസ്എസില്‍ വച്ച് പരീക്ഷിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ശുഭാംശു ശുക്ല പറഞ്ഞിരുന്നു. ശുക്ല ഇന്ത്യയ്ക്ക് മാത്രമായി ഐഎസ്എസില്‍ ഏഴ് പരീക്ഷണങ്ങളാണ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ആക്‌സിയം 4, മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിനായുള്ള ആദ്യത്തെ ഉറച്ച ചുവടുവയ്പ്പായാണ് കണക്കാക്കുന്നത്.
ദൗത്യം പൂര്‍ത്തിയാക്കി മകന്‍ മടങ്ങിയെത്താന്‍ പോകുന്നതില്‍ അഭിമാനമുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ വാക്കുകള്‍.