
വാഷിംഗ്ടണ്‍ : യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ (ഡിഇഐ) മേധാവിയും ഇന്ത്യന്‍ വംശജയുമായ നീല രാജേന്ദ്രയെ നാസ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ഡിഇഐ യുഎസ് പൗരൻമാരെ വംശം, നിറം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ചെന്നും നികുതിദായകരുടെ പണം പാഴാക്കിയെന്നും ആരോപിച്ചാണ് പിരിച്ചുവിടൽ.
പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരം, ഈ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവരേയും ഒഴിവാക്കാനും രാജ്യത്തുടനീളമുള്ള അത്തരം എല്ലാ പ്രോഗ്രാമുകളും അവസാനിപ്പിക്കാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ മികച്ച ഉദ്യോഗസ്ഥയായ അവരെ പുറത്താക്കുന്നതില്‍ നിന്ന് രക്ഷിക്കാന്‍, നാസ അവരുടെ പദവി ‘ഹെഡ് ഓഫ് ഓഫീസ് ഓഫ് ടീം എക്‌സലന്‍സ് ആന്‍ഡ് എംപ്ലോയി സക്‌സസ്’ എന്നാക്കി മാറ്റി. പക്ഷേ അവരെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഒടുവില്‍ പരാജയപ്പെടുകയും പിരിച്ചുവിടേണ്ടതായി വരികയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷം നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബ് കടുത്ത ഫണ്ട് പ്രതിസന്ധി നേരിട്ടപ്പോള്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെടാതിരുന്ന ചുരുക്കം ചില ജീവനക്കാരില്‍ ഒരാളായിരുന്നു നീല രാജേന്ദ്ര.