
ഡൽഹി: എഴുപത്തി ഒന്നാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബോളിവുഡ് നടന്മാരായ ഷാരൂഖ് ഖാൻ, വിക്രാന്ത് മാസി എന്നിവർക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം. റാണി മുഖർജി മികച്ച നടിയായി. 12th ഫെയില്‍ ആണ് മികച്ച ചിത്രം. 2023ൽ പുറത്തിറങ്ങിയ സിനിമകൾ പരിഗണിച്ചാണ് പുരസ്കാരം നിർണയിച്ചത്.
മികച്ച മലയാളം ചിത്രമായി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്‌ത് പാർവതി തിരുവോത്തും ഉർവ്വശിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഉള്ളൊഴുക്ക് തിരഞ്ഞെടുക്കപ്പെട്ടു. . മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ഉള്ളൊഴുക്കിലൂടെ പ്രകടനത്തിലൂടെ ഉർവശി നേടിയത്. മികച്ച സഹനടനായി വിജയരാഘവനെ തിരഞ്ഞെടുത്തു. പൂക്കാലത്തിലൂടെ മികച്ച എഡിറ്റർക്കുള്ള പുരസ്കാരം മിഥുൻ മുരളിയും 2018ലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള പുരസ്കാരം മോഹൻദാസും സ്വന്തമാക്കി.
‘മിസിസ് ചാറ്റർജി വേഴ്സസ് നോർവേ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റാണി മുഖർജി മികച്ച നടിക്കുള്ള അവാർഡിന് അർഹയായത്. ‘ട്വല്‍ത്ത് ഫെയിലിലെ’ പ്രകടനത്തിലൂടെയാണ് വിക്രാന്ത് മാസി മികച്ച നടനുള്ള അവാർഡ് നേടിയത്. ജവാനിലെ അഭിനയത്തിനാണ് മികച്ച നടനുള്ള തന്റെ ആദ്യ ദേശീയ പുരസ്കാരം ഷാരൂഖിനെ തേടിയെത്തിയത്. അറ്റ്ലിയായിരുന്നു ചിത്രത്തിന്റെ സംവിധാനം.
കേരളാ വിരുദ്ധത നിറഞ്ഞ സിനിമയെന്ന വിമർശനം നേരിട്ട വിവാദ ചിത്രം കേരളാ സ്റ്റോറിക്ക് രണ്ട് പുരസ്കാരങ്ങളാണ് ലഭിച്ചത്. മികച്ച സംവിധായകനായി സുദീപ്തോ സെന്നും മികച്ച ഛായാഗ്രഹകനായി പ്രസന്താനു മൊഹപാത്രയും തെരഞ്ഞെടുക്കപ്പെട്ടു. ഐകകണ്ഠ്യേനയാണ് കേരളാ സ്റ്റോറിക്കുള്ള അവാർഡുകള്‍ നിർണയിച്ചതെന്ന് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ച ശേഷം ജൂറി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ വ്യക്തമാക്കി.