
കൊച്ചി : പാലിയേക്കരയിലെ ടോൾ പിരിവ് ഉടൻ പുനഃസ്ഥാപിക്കില്ലെന്ന് ഹൈക്കോടതി. ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിട്ടുണ്ടെന്നും, തീരുമാനം വരുന്നതുവരെ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും കോടതി അറിയിച്ചു.
ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹർജി നാളെ വീണ്ടും പരിഗണിക്കും. അതിനായി നാളെ ഓൺലൈനായി ഹാജരാകാൻ ജില്ലാ കളക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി. സർവിസ് റോഡുകളിലെ പ്രശ്നങ്ങൾ പരിഹരിച്ചു വരികയാണെന്നും, ടോൾ പിരിവ് പുനരാരംഭിക്കാൻ ഉത്തരവിൽ മാറ്റം വരുത്തണമെന്നുമായിരുന്നു ദേശീയപാത അതോറിറ്റിയുടെ (NHAI) ആവശ്യം. ഇതാണ് ഹൈക്കോടതി തള്ളിയത്.
ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ മൂലമുണ്ടായ ഗതാഗതക്കുരുക്കിന്റെ പശ്ചാത്തലത്തിൽ 2025 ആഗസ്റ്റ് 6-ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പാലിയേക്കരയിലെ ടോൾ പിരിവ് നാലാഴ്ചത്തേക്ക് നിർത്തിവെക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇത് സുപ്രീം കോടതിയും ശരിവെച്ചതോടെ ടോൾ പിരിവ് 2025 സെപ്റ്റംബർ 9 വരെ നീട്ടുകയായിരുന്നു.













