
ന്യൂഡല്‍ഹി: ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഏതാണ്ട് പ്രവര്‍ത്തന രഹിതമായ അവസ്ഥയിലേക്ക്. ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ കമ്മീഷനിലെ അഞ്ച് അംഗങ്ങള്‍ വിരമിച്ചതോടെ നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ് കമ്മീഷന്‍.
മുന്‍ ചെയര്‍പേഴ്സണും അംഗവുമായ ഇക്ബാല്‍ സിംഗ് ലാല്‍പുര 2025 ഏപ്രിലിലാണ് വിരമിച്ചത്. അര്‍ധ ജുഡീഷല്‍ അധികാരങ്ങളോടെ രൂപം നല്‍കിയ കമ്മീഷനില്‍ മൂന്നുമാസമായിട്ടും പുതിയ നിയമനം നടന്നിട്ടില്ല. അധ്യക്ഷനും ഉപാധ്യക്ഷനും അടക്കമുള്ള ഏഴംഗ കമ്മീഷനിലെ എല്ലാ സീറ്റും ഒഴിഞ്ഞതോടെ ന്യൂനപക്ഷ കമ്മീഷന്‍ അനാഥമായി. അതേസമയം, അഞ്ചു വര്‍ഷമായി ക്രൈസ്തവ അംഗമില്ലാതെയാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനം. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍ അഞ്ചു വര്‍ ഷം മുന്പ് 2020 മാര്‍ച്ച് 31ന് വിരമിച്ചശേഷം ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ ക്രൈസ്തവ പ്രാതിനിധ്യം ഇല്ലാതായിരുന്നു.
ന്യൂനപക്ഷങ്ങളുടെയും സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ അവകാശങ്ങളടക്കം സംരക്ഷിക്കാനായി 2004ല്‍ രൂപീകരിച്ച ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനിലും ന്യൂനപക്ഷ പ്രാതിനിധ്യം ഇല്ലാതായിട്ടു വര്‍ഷങ്ങളായി. ആറ് അംഗങ്ങളുടെ ഒഴിവുകളില്‍ നിയമനമായിട്ടില്ല.
ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നതും അർദ്ധ-ജുഡീഷ്യൽ അധികാരങ്ങളുള്ളതുമായ എൻസിഎമ്മിൽ ചെയർപേഴ്‌സണും വൈസ് ചെയർപേഴ്‌സണും ഉൾപ്പെടെ ഏഴ് അംഗങ്ങൾ ഉണ്ടായിരിക്കണം. 1992 ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ആക്ട് പ്രകാരം മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി, ജൈന എന്നീ ആറ് ന്യൂനപക്ഷ സമുദായങ്ങളിൽ നിന്ന് ഓരോ അംഗത്തെ വീതം നിയമിക്കണമെന്ന് നിഷ്കർഷിക്കുന്നു.
കമ്മീഷന്‍ സ്ഥാപിക്കുന്നതിന് മുമ്പുള്ളതുപോലെ തന്നെ മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും അവസ്ഥ തുടരുന്നുവെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ താഹിര്‍ മഹമൂദ് അഭിപ്രായപ്പെട്ടിരുന്നു.