വാക്കുകൊണ്ട് മനസു മുറിഞ്ഞു; നോവായി നവീന്‍ ബാബു- ബാക്കിയാകുന്നത് ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍

കണ്ണൂര്‍ : ക്ഷണിക്കപ്പെടാതെ എത്തിയ അതിഥിയുടെ അധികപ്രസംഗത്തില്‍ അപമാനിതനായാണ് യാത്രയയപ്പു യോഗം കഴിഞ്ഞ് കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു 2024 ഒക്ടോബര്‍ 14 ന് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് മടങ്ങിയത്. കൈക്കൂലിക്കാരനെന്ന പൊതുമധ്യത്തിലെ ആക്ഷേപം മറക്കാനാവാത്ത വിധം നവീന്‍ ബാബുവിനെ മുറിപ്പെടുത്തിയിരുന്നു. വിരമിക്കാന്‍ ഏഴുമാസം മാത്രം ബാക്കിനില്‍ക്കെ സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫര്‍ ചോദിച്ചുവാങ്ങിക്കുമ്പോള്‍ സന്തോഷം മാത്രമായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ എല്ലാം തകിടം മറിഞ്ഞത് കണ്ണൂരിലെ ആ യാത്ര അയയ്പ്പുയോഗമായിരുന്നു.

ജനപ്രതിനിധിയായിരുന്ന പിപി ദിവ്യ യോഗത്തിലേക്ക് കടന്നുവന്ന് തന്നെ മോശക്കാരനായി ചിത്രീകരിക്കും വരെ എല്ലാം ശാന്തമായിരുന്നു. പിന്നീടങ്ങോട്ട് ഒരു രാവ് ഇരുണ്ട് വെളുത്തപ്പോഴേക്കും ഒരു കയറില്‍ ജീവനൊടുക്കിയ നവീന്‍ ബാബുവിനെയാണ് കേരളമനസാക്ഷി കണ്ടത്.

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ, കണ്ണൂര്‍ അഡീഷ നല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് (എഡിഎം) കെ.നവീന്‍ ബാബു മരിച്ചിട്ട് നാളെ ഒരു വര്‍ഷം തികയുന്നു. ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി.ദിവ്യ നടത്തിയ പരസ്യവിമര്‍ശനവും കുത്തുവാക്കുകളുമാണ് ഇദ്ദേഹത്തിന്റെ മരണത്തിലേക്കു നയിച്ചതെന്നാണ് ആരോപണം. സത്യം കണ്ടെത്തുംവരെ പോരാടാന്‍ ഉറച്ച് ജീവിക്കുകയാണ് എഡിഎമ്മിന്റെ ഭാര്യ മഞ്ചുഷയും രണ്ടു പെണ്‍മക്കളും.

എഡിഎമ്മിന്റെത് ആത്മഹത്യ തന്നെയാണെന്നും അതിന് പ്രേരണയായത് ദിവ്യ നടത്തിയ പ്രസംഗമാണെന്നും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ടെത്തി. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ചുഷ നല്‍കിയ ഹര്‍ജി തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നുണ്ട്. പിപി ദിവ്യയോട് ഡിസംബര്‍ 16 ന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ബാക്കിയാകുന്ന സംശയങ്ങള്‍ / ചോദ്യങ്ങള്‍

യാത്രയയപ്പു സമ്മേളനത്തിന് പിന്നാലെ പത്തനംതിട്ടയിലേക്കു പോകാനിരുന്ന നവീന്‍ ബാബുവിനെ ഡ്രൈവര്‍ ഷംസുദ്ദീന്‍ വൈകിട്ട് 6 മണിയോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഇറക്കിയിരുന്നു. രാത്രി 8.55ന് ആയി രുന്നു ചെങ്ങന്നൂരിലേക്കുള്ള ട്രെയിന്‍. കാസര്‍കോട്ടുനിന്നു സുഹൃത്ത് എത്താനുണ്ടെന്ന് പറഞ്ഞാണ് നവീന്‍ ഇവിടെ കാത്തുനിന്നതെന്ന് ഡ്രൈവര്‍ പറയുന്നു. എന്നാല്‍, പിറ്റേന്ന് രാവിലെ 7ന് ആണ് ക്വാര്‍ട്ടേഴ്‌സില്‍ നവീന്‍ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബു ക്വാര്‍ട്ടേഴ്സിലേക്ക് എപ്പോള്‍, എങ്ങനെ ആരോടൊപ്പം പോയി? എന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരമോ തെളിവുകളോ ഇനിയും പുറത്തുവന്നിട്ടില്ല.

More Stories from this section

family-dental
witywide